മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കരുതൽ മേഖലയുമായി ബന്ധപ്പെട്ട ആകാശ ഭൂപടത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പെട്ടതിലെ തെറ്റ് തിരുത്തുന്നതില്‍ റവന്യൂ വകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് എന്‍. ഷംസുദ്ദീന് എം.എല്‍.എ നിർദേശിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഇ.എസ് ഭൂ നികുതി വിഷയവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടെങ്കില്‍ തഹസില്‍ദാര്‍ക്ക് കൈമാറാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ദേശീയപാതയുടെ പ്രവൃത്തി തടസ്സപ്പെടുന്ന തരത്തില്‍ കൈയേറ്റം ശ്രദ്ധയിൽപെട്ടാല്‍ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍നിന്നുള്ള വെള്ളം മെഴുംപാറയിലേക്ക് ഉടന്‍ എത്തിച്ച് നല്‍കണമെന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി.
കലക്ഷന്‍ ഇല്ലെന്ന കാരണത്താല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ നിര്‍ത്തുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നു. സ്കൂള്‍ ബസുകള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നല്കാന് തീരുമാനിച്ചു. കൃഷിയിടങ്ങളിലെ കുരങ്ങ് ശല്യം നിയന്ത്രിക്കാനും വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളുടെ മാംസം വില്‍പ്പന നടത്താനും നടപടിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു.
തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്, അഡീഷനൽ തഹസില്‍ദാര്‍ സക്കീര്‍ ഹുസൈന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. വിനോദ്, ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, പൊതുപ്രവര്‍ത്തകരായ എം. ഉണ്ണീന്‍, ടി.എ. സലാം മാസ്റ്റര്‍, പാലോട് മണികണ്ഠന്, സദക്കത്തുല്ല പടലത്ത്, സുബ്രഹ്മണ്യന്, സന്തോഷ്, അബൂബക്കര്‍ തച്ചമ്പാറ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.