മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ട് കിലോ മീറ്റര്‍ ഭാഗം വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. 36 കള്‍വര്‍ട്ടുകളുടെ നിര്‍മാണപ്രവൃത്തികളാണ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന വികസന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി) തുടക്കമിട്ടിരിക്കുന്നത്. 44 കോടി രൂപയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് തുക.
നിലവില്‍ അഞ്ചര മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയുള്ള റോഡ് 13.6 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുക. ഇതില്‍ ഒമ്പത് മീറ്റര്‍ ടാറിങ് നടത്തും. പലഭാഗങ്ങളിലും റോഡിന്റെ രണ്ടുവശത്തും അഴുക്കുചാലുകള്‍ നിര്‍മിക്കും. ചില ഭാഗങ്ങളില്‍ സ്ലാബോടു കൂടിയാണ് അഴുക്കുചാല്‍. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനികള്‍ക്ക് ഉപയോഗിക്കാനുള്ള സ്ഥലവും നല്‍കും. നിലവിലുള്ളത് മാറ്റുന്നതിന് ഇവര്‍ക്കാവശ്യമായ തുകയും കെ.ആര്.എഫ്.ബി.യാണ് കൈമാറുന്നത്.
ഇതിനുള്ള ടെൻഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപണിയും അടിയന്തരമായി ചെയ്യും. രണ്ടാഘട്ടം ആനമൂളി മുതല്‍ മുക്കാലി വരെയുള്ള എട്ട് കിലോ മീറ്ററും മൂന്നാംഘട്ടം മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള 33 കിലോമീറ്ററുമാണ്. ഇതില്‍ രണ്ടാംഘട്ട പ്രവൃത്തിയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അടുത്തമാസം നാലാംതീയതി ചേരുന്ന കിഫ്ബി ബോര്‍ഡില്‍ ഇതിനുള്ള അനുമതി ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മൂന്നാം ഘട്ടത്തിന്റെ നടപടി ക്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
നെല്ലിപ്പുഴ മുതല്‍ ആനക്കട്ടിവരെ നല്ല നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര വൈകാതെ യാഥാര്‍ഥ്യമാകുമെന്നും എന്‍. ഷംസുദ്ദീന് എം.എല്‍.എ. പറഞ്ഞു. റോഡ് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലം എം.എല്‍.എ. സന്ദര്‍ശിച്ചു. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആനമൂളിയില്‍ യോഗം ചേര്‍ന്നു.
കെ.ആര്.എഫ്.ബി ഉദ്യോഗസ്ഥരായ ജയ, ബ്രൂസണ്, പ്രിന്‍സ് ബാലന്, പ്രൊജക്ട് എന്‍ജിനീയര്‍ സന്ദീപ്, കരാറുകാരന് കാസർകോട് സ്വദേശി ഹാരിസ്, ടി.കെ. ഫൈസല്‍, സാബു പുളിക്കാത്തൊട്ടില് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.