പാലക്കാട്: ആര്.ടി ഓഫിസിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് രേഖകൾ. ഇതുകൊണ്ട് കഷ്ടത അനുഭവിക്കുന്നത് പൊതുജനങ്ങളും. ജോയന്റ് ആർ.ടി.ഒ സ്ഥലംമാറിയപ്പോൾ ഈ തസ്തികയില്‍ പുതിയ നിയമനം നടക്കാത്തതാണ് ആര്.ടി ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കാൻ കാരണം. 8041 പുതിയ ആര്.സി ബുക്കും 8000 ഡ്രൈവിങ് ലൈസന്‍സും വിതരണം ചെയ്യാനായിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ദിവസേന നൂറുകണക്കിന് പുതിയ അപേക്ഷകളാണ് വരുന്നത്.
പുതിയ വാഹനങ്ങളുടെ ആർ.സി ബുക്ക് പോലും നൽകാനായിട്ടില്ല. ഇപ്പോൾ മോട്ടോർ വാഹന ഇന്‍സ്പെക്ടർക്കാണ് അധികച്ചുമതല. എന്നാൽ, ഇരട്ടിഭാരം കാരണം പലജോലികളും ചെയ്തുതീർക്കാനാവുന്നില്ല.
വകുപ്പിലെ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ആര്.സി ബുക്കും ലൈസന്‍സും അനുവദിക്കാന്‍ അധികാരമുണ്ട്. പക്ഷേ, ലൈസൻസിനായുള്ള പരിശോധന, വാഹന പരിശോധന എന്നിവ കാരണം അവർക്കും സമയമില്ല.
പാലക്കാട് ആർ.ടി ഓഫിസിലുണ്ടായിരുന്ന ഹെഡ് അക്കൗണ്ടന്റ് തസ്തിക ഹെഡ് ഓഫിസിലേക്ക് മാറ്റുകയും ജൂനിയർ സൂപ്രണ്ട് സസ്പെൻഷനിലാവുകയും ചെയ്തതോടെ ജോലിഭാരം ഇരട്ടിയായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്രം നൽകിയ സോഫ്റ്റ് വെയർ സുഖകരമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ആർ.സി ബുക്കും ഡ്രൈവിങ് ലൈസന്‍സും വിതരണം ചെയ്ത വകയിൽ തപാൽ വകുപ്പിന് എട്ടുകോടിയോളം കൊടുക്കാനുണ്ട്. ഇതിൽ രണ്ടുകോടിയെങ്കിലും ലഭിച്ചാലേ ഇനി വിതരണം ചെയ്യൂവെന്ന് തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതിനുപുറമെ എ.ഐ കാമറകളുടെ തലവേദനയും പരാതികളും ഒരുവശത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.