പുതുനഗരം: ഗായത്രി, ചുള്ളിയാർ, മീങ്കര, ഇക്ഷുമതി പുഴകളിൽനിന്നും ഡാമുകളിൽനിന്നും മണൽക്കടത്ത് വ്യാപകം. രാത്രി വാരുന്ന മണൽ പുഴയോട് ചേർന്നുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് കൂട്ടിയിട്ടശേഷം വിൽപന നടത്തുകയാണെന്ന് പരിസരവാസികൾ പറയുന്നു.
ലോക്ഡൗൺ കാലത്താണ് മണൽകടത്ത് ശക്തമായത്. നിലവിൽ കലക്ടറുടെ സ്ക്വാഡ് പ്രവർത്തിക്കാത്തതിനാൽ പുഴകളിൽനിന്ന് പട്ടാപ്പകൽ പോലും നിർബാധം മണലൂറ്റ് തുടരുകയാണ്. നെന്മാറ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി വില്ലേജുകൾ അനധികൃത മണൽഖനനത്തിനെതിരെ നടപടി കടുപ്പിച്ചതോടെ ഇവിടങ്ങളിലേക്കുള്ള മണലും കടത്തുന്നത് ഗായത്രി പുഴയടക്കമുള്ളിടങ്ങളിൽ നിന്നാണ്. മണലെടുപ്പ് രൂക്ഷമായതോടെ കുളിക്കടവുകളിൽ ഗർത്തങ്ങൾ രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു. തകർന്ന സുരക്ഷാവേലി പുനഃസ്ഥാപിക്കാൻ വൈകിയതോടെയാണ് മീങ്കര-ചുള്ളിയാർ ഡാമുകളിൽനിന്ന് മണൽ കടത്ത് സജീവമായത്. ചുള്ളിയാർ ഡാമിൽ മേച്ചിറ ഭാഗത്ത് ഡാമിലെ ചളി പരിശോധനക്കായി യന്ത്രങ്ങൾ കടക്കാൻ പൊളിച്ചുമാറ്റിയ കമ്പികൾ അതേപടിയാണ്. മീങ്കര ഡാമിൽ ചെമ്മണന്തോട് ഭാഗത്തുള്ള തകർന്ന വേലി ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
റെയിൽവേ ട്രാക്കിനോട് ചേർന്ന പ്രദേശങ്ങളിലും തമിഴ്നാടിനോടുചേർന്ന പ്രദേശങ്ങളിലും വേലിയില്ലാത്തതിനാൽ മണലെടുപ്പ് സജീവമാണ്. ചുള്ളിയാർ ഡാമിനുപിറകിൽ പൊളിച്ചുമാറ്റിയ കമ്പിവേലി പുനഃസ്ഥാപിക്കാത്തതിനാൽ ഡാമിനകത്തുനിന്നും കാളവണ്ടികളിലും ട്രാക്ടറുകളിലും ടിപ്പറുകളിലുമായാണ് മണൽകടത്ത്. നാട്ടുകാർ പൊലീസിൽ പരാതി നൽകിയും നടപടിയുണ്ടായിട്ടില്ല. രണ്ട് ഡാമുകൾക്കുമായി സുരക്ഷക്കുവേണ്ടി ഏഴുേകാടിയിലധികം തുക വകയിരുത്തി സ്ഥാപിച്ച കമ്പിവേലിയും അനുബന്ധ നിർമാണങ്ങളുമാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. ഡാമുകൾക്ക് ചുറ്റും കമ്പിവേലികളും ചുറ്റുമതിലും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.