പാലക്കാട്: കളിച്ചും ചിരിച്ചും അക്ഷരമധുരം നുകരാൻ കുരുന്നുകൾ തിങ്കളാഴ്ച വിദ്യാലയങ്ങളിലേക്കെത്തും. വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകളൊരുങ്ങി. ചുവരുകളിൽ ചിത്രങ്ങൾ വരച്ചും ബഹുവർണ അലങ്കാരങ്ങളൊരുക്കിയും ആഘോഷമായാണ് സ്കൂളുകൾ കുട്ടികളെ സ്വീകരിക്കാൻ തയാറായിട്ടുള്ളത്. ജില്ലതല പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ 9.30ന് കല്ലിങ്കൽപ്പാടം ജി.എച്ച്.എസ്.എസിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ജില്ലയിൽ ഇരുപത്തിരണ്ടായിരത്തോളം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. മൂന്നുലക്ഷത്തിലധികം വിദ്യാർഥികൾ വിവിധ ക്ലാസുകളിലായി സ്കൂളിലെത്തും.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. സർട്ടിഫിക്കറ്റ് നൽകൽ പുരോഗമിക്കുകയാണ്. ക്ലാസ് മുറികളിലും മറ്റും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാനായി സ്കൂൾ വളപ്പിലെയും പരിസരത്തെയും കാടുകൾ വെട്ടിമാറ്റി ശുചീകരണ പ്രവൃത്തിയും നടത്തി. പി.ടി.എ, പൂർവ വിദ്യാർഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പലേടത്തും ശുചീകരണപ്രവൃത്തികൾ നടത്തിയത്. സ്കൂളുകളിലെ കിണറുകളിലെ വെള്ളം ലാബിൽ പരിശോധിച്ച് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അപകടകരമായേക്കാവുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റി. സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണവും നൽകുമെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് സുരക്ഷാക്രമീകരണങ്ങളൊരുക്കിയ വാഹനങ്ങൾക്ക് ചെക്ക്ഡ് ഓക്കെ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ജില്ലതല പ്രവേശനോത്സവത്തിൽ പി.പി. സുമോദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കലക്ടർ ഡോ. എസ്. ചിത്ര, ജനപ്രതിനിധികൾ, അധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പി.പി. സുമോദ് എം.എൽ.എ. നവാഗതരെ സ്വീകരിക്കും. സൗജന്യ പാഠപുസ്തക വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റും പ്രതിഭകളെ ആദരിക്കൽ കലക്ടറും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.