പാലക്കാട്: പിണറായിയാണോ യോഗിയാണോ കേരള പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത സാഹചര്യമാണ് നിലവിലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ. നിരപരാധികളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന പാലക്കാട് പൊലീസിന്‍റെ നടപടി അവസാനിപ്പിക്കുക, സുബൈർ വധക്കേസിൽ ആർ.എസ്.എസും പൊലീസും തമ്മിലെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മറ്റി എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്‍റെ തിട്ടൂരത്തിന് വഴങ്ങി പാർട്ടി പ്രവർത്തകരെയും പൊതുസമൂഹത്തെയും പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെ ആർ.എസ്.എസുകാരായി മാത്രമേ കാണാൻ കഴിയൂ.
സംഘ്പരിവാർ ബന്ധമുള്ള പൊലീസുകാരെ വകുപ്പിൽനിന്ന് ഒഴിവാക്കി പൊലീസിനെ മതേതരമാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും അജ്മൽ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് ശകുന്തള ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് എസ്.പി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. തുടർന്ന് മാർച്ചിനെ അഭിസംബോധന ചെയ്ത് സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി, ജില്ല പ്രസിഡന്‍റ് ഷെഹീർ ചാലിപ്പുറം, ജില്ല ജനറൽ സെക്രട്ടറി കെ.ടി. അലവി, പാലക്കാട് മണ്ഡലം പ്രസിഡന്‍റ് ഇല്യാസ് പാലക്കാട് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്‍റുമാരായ മേരി എബ്രഹാം, സുലൈഖ റഷീദ്, ജില്ല സെക്രട്ടറി അഷിദാ നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.