പാലക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികൾക്ക് ഏഴ് വര്‍ഷം വീതം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. വടക്കഞ്ചേരി ആയക്കാട് തച്ചാംകുന്ന് വീട്ടില്‍ വിപിന്‍ദാസി(40)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിധി.
ആയക്കോട് കൊന്നഞ്ചേരി കുന്നങ്കാട് സുനില്‍കുമാര്‍(41), വടക്കഞ്ചേരി കാരയങ്കാട് മുഹമ്മദലി (34), കൊന്നഞ്ചേരി സുഭാഷ് (37), ആയക്കാട് തച്ചാംകുന്ന് നിധിന് (34), കൊന്നഞ്ചേരി ചുങ്കത്തൊടി അനസ് (26), തച്ചാംകുന്ന് നിബിന് എന്ന ബാവ (32), കൊന്നഞ്ചേരി ഷിബു എന്ന മൊട്ട (29) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം പാലക്കാട് ജില്ല കോടതി പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് രുക്മ എസ്. രാജ് ശിക്ഷിച്ചത്.
പിഴത്തുക പരിക്കേറ്റയാള്‍ക്ക് നല്‍കണം.
2016 മാര്‍ച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം. കൊന്നഞ്ചേരി വേലയോടനുബന്ധിച്ചുള്ള വഴക്കിനെ തുടര്‍ന്നാണ് വിപിന്‍ദാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വടിവാളുകൊണ്ട് വെട്ടിയതിനെ തുടർന്ന് വിപിന്‍ദാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കമ്പിവടികൊണ്ടുള്ള അടിയില്‍ കണ്ണിന്റെ ഇടതുഭാഗത്തും മൂക്കിന് താഴെയും എല്ലുകള്‍ പൊട്ടുകയും ചെയ്തു. അന്നത്തെ വടക്കഞ്ചേരി അഡീഷനല്‍ എസ്ഐ കെ. നാരായണനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്. ആനന്ദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.