പാലക്കാട്: കരിങ്കരപ്പുള്ളിയിൽ ഷോക്കേറ്റ് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട കേസിൽ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ നൽകും. തുടരന്വേഷണത്തിനും തെളിവെടുപ്പുകൾക്കുമാണ് പ്രതി ജെ. ആനന്ദകുമാറിനെ(53) കസ്റ്റഡിയിൽ ചോദിക്കുന്നതെന്ന് പാലക്കാട് ടൗൺ സൗത്ത് സി.ഐ ഷിജു ഏബ്രഹാം അറിയിച്ചു.
സ്ഥലമുടമ ആനന്ദകുമാർ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതക്കെണിയിൽപ്പെട്ടാണ് കഴിഞ്ഞ 25ന് പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവർ മരിച്ചത്. പരിഭ്രാന്തിയിൽ സംഭവം മറച്ചുവെക്കാൻ മൃതദേഹങ്ങൾ ആനന്ദകുമാർ കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നു.
വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. രണ്ടു മൃതദേഹങ്ങളും 20 മീറ്ററോളം വലിച്ചിഴച്ചാണ് കുഴിയിലേക്ക് എത്തിച്ചത്. ചതുപ്പിൽ കുഴിച്ചുമൂടിയ മൃതദേഹങ്ങൾ പൊങ്ങിവരാതിരിക്കാൻ കത്തികൊണ്ടു വയർ കീറിയിരുന്നു. മൺവെട്ടി ഉപയോഗിച്ചു രണ്ടരയടിയോളം കുഴിയെടുത്താണ് കുഴിച്ചിട്ടത്. വീട്ടിലെ മോട്ടോർ ഷെഡിൽനിന്നാണ് പ്രതി വൈദ്യുതി എടുത്തിരുന്നത്.
തെളിവു നശിപ്പിക്കാൻ പിന്നീട് വൈദ്യുതി വലിക്കാൻ ഉപയോഗിച്ച വയറും പാടത്ത് കെട്ടിയ കമ്പിയുമെല്ലാം കനാലിൽ ഉപേക്ഷിച്ചു. ഇതിനെല്ലാം പരസഹായം ലഭിച്ചോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. തനിച്ചാണ് എല്ലാം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ഇദ്ദേഹത്തിന്റെ ഫോൺ വിളികൾ സൈബൽ സെൽ പരിശോധിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിനടത്തുന്ന തെളിവെടുപ്പിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.