ഷൊർണൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരണം 2024 ജൂലൈയിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ. വൈദ്യുതി ലൈൻ വലിക്കുന്നതിനുള്ള കാൽ നാട്ടിത്തുടങ്ങി. നൂറ് കാലുകളാണ് ഇതുവരെ സ്ഥാപിച്ചത്. വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങുന്നത് പാതയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവും. നിർദിഷ്ട നിലമ്പൂർ - നഞ്ചൻകോട് പാതക്കും പദ്ധതി ഗുണകരമാകും.
66 കിലോമീറ്റർ പാത വൈദ്യുതീകരിക്കാൻ നൂറ് കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഷൊർണൂർ മുതൽ അങ്ങാടിപ്പുറം വരെയാണ് വൈദ്യുതീകരിക്കുക. വൈദ്യുതിക്കാലുകൾ സ്ഥാപിക്കുന്നതിനുള്ള കുഴികൾ ഉണ്ടാക്കി അവ കോൺക്രീറ്റ് ചെയ്തിട്ട് മാസങ്ങളായി. 30 കാലുകൾ സ്ഥാപിക്കാനുള്ള കുഴികൾ കൂടി ഒരുക്കാനുണ്ട്. പാറയുള്ളതും ചതുപ്പ് ആയതുമായ സ്ഥലങ്ങളിലാണിവ. ഇതിന് പ്രത്യേക സംവിധാനം ഒരുക്കേണ്ടതുണ്ട്. അത് വൈകാതെ പൂർത്തിയാകും.
അങ്ങാടിപ്പുറത്തുനിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള അഞ്ച് കിലോമീറ്റർ ഭാഗത്തെ കുഴികൾ നിർമിച്ച് കഴിഞ്ഞു. ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളിലെ കുഴിനിർമാണം ദ്രുതഗതിയിലാക്കുമെന്ന് റെയിൽവേ ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതീകരണ ഭാഗമായി മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.