പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രസീറ്റ് നല്കിയാല് അന്നേ ദിവസം തന്നെ പണം ലഭിക്കുന്ന പ്രൈമറി കോര്‍പ്പറേറ്റ് ലവി സിസ്റ്റം ഉള്‍പ്പെടെ നടപ്പാക്കാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിർദേശം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖല അവലോകന യോഗങ്ങള്‍ക്ക് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല റിവ്യൂ മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാലക്കാട് ജില്ല ഉള്‍പ്പെടുന്ന മേഖല അവലോകന യോഗം സെപ്റ്റംബര്‍ ഏഴിന് തൃശൂരില്‍ നടക്കും. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമായാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ മേഖല അവലോകന യോഗങ്ങള്‍ നടക്കുന്നത്.
കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയോചിതമായി നടത്താനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോടും കര്‍ഷകര്‍ക്ക് വായ്പ കാലാവധി നീട്ടാന്‍ പ്രൊപ്പോസല്‍ സമർപ്പിക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോടും മന്ത്രി നിര്‍ദേശിച്ചു. നഗരസഭകള്‍ തോറും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വില്ക്കാന് കര്‍ഷകര്‍ക്ക് സൗകര്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനുള്ള നിർദേശവും നല്കി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിദാരിദ്ര്യം ശാസ്ത്രീയമായി എങ്ങനെ പരിഹരിക്കാം, പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലലഭ്യത ഉറപ്പാക്കുക, മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍, നാണ്യ വിളകള്‍ക്കുള്ള ഇറിഗേഷന്‍ പദ്ധതികള്‍, മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്‍, സംരംഭകരുമായി ആലോചിച്ച് അവര്‍ക്ക് ആവശ്യമുള്ള തൊഴിലില്‍ വ്യക്തികള്‍ക്ക് പരിശീലനം നല്കുന്ന തരത്തില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കായി പ്രൊപോസല്‍ നല്‍കാനും നിർദേശം നല്കി.
ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകര്‍ക്ക് രക്ഷയായി അവരുടെ വരുമാന വർധനവിനായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്യണം. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതകള്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായി ജില്ലയില്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തണമെന്നും അവ പരിഹരിക്കാനുള്ള അവസരമാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖല അവലോകന യോഗമെന്നും ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ഇതിനായി സംസ്ഥാനതലത്തിലും ജില്ലതലത്തിലും പരിഹരിക്കേണ്ട വിഷയങ്ങള്‍ വേര്‍തിരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ ജില്ലതലത്തില്‍ പരിഹരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ആരോഗ്യ മേഖലയില്‍ ഐസൊലേഷന്‍ വാര്‍ഡ്, ആരോഗ്യ കോംപ്ലക്സ്, വ്യായാമത്തിനായി നടപ്പാതകള്‍, പാലക്കാട് മെഡിക്കല്‍ കോളജ്, വെള്ളിനേഴി കഥകളി ഗ്രാമം, മലമ്പുഴ ഗാര്‍ഡനിലെ 10 കോടിയുടെ പ്രവര്‍ത്തനങ്ങള്‍, വട്ടലക്കി ടൂറിസ്റ്റ് ഗ്രാമം, പ്രധാന റോഡുകളായ നെല്ലിയാമ്പതി റോഡ്, തേക്കടി റോഡ്, അട്ടപ്പാടി ചുരം റോഡ്, പൂപ്പാറ കോളനി തുടങ്ങിയവയും ഒറ്റപ്പാലം കോര്‍ട്ട് കോംപ്ലക്സ്, പാലങ്ങള്‍, എല്ലാ മണ്ഡലത്തിലും സ്പോര്‍ട്സ് ഹബ്, ഇന്‍ഡോര്‍ സ്റ്റേഡിയം, കോതകുര്‍ശ്ശി സബ്സ്റ്റേഷന്, ജല്‍ ജീവന് മിഷന്, ഗോപാലപുരം ജി.എസ്.ടി ചെക്ക് പോസ്റ്റ്,
മോയന്‍സ് സ്കൂള്‍ ഡിജിറ്റലൈസേഷന്, ഇലക്ഷന് വെയര്‍ ഹൗസ്, ഏകലവ്യ വിദ്യാലയത്തിന് കെട്ടിടം, ആനവായി സൂപ്പര്‍മാര്‍ക്കറ്റ്, മരം മുറിക്കല്‍, ജില്ല ഓഫിസുകളുടെ നവീകരണം, റവന്യൂ ടവര്‍ തുടങ്ങിയ ജില്ലയിലെ പ്രധാന വിഷയങ്ങളില്‍ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാന്‍ ജില്ല കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. സംസ്ഥാനതലത്തിലുള്ള വിഷയങ്ങള്‍ മേഖല യോഗത്തില്‍ ശ്രദ്ധയില്‍ പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.