ശ്രീകൃഷ്ണപുരം: പെരുന്നാൾ വിപണിയിൽ പച്ചക്കറി, പലചരക്ക് സാധനങ്ങൾ തുടങ്ങിയവക്ക് വിലയേറുന്നു. പച്ചമുളക്, നേന്ത്രക്കായ, മല്ലിയില, പുതീന, മുരിങ്ങക്കായ, എളവൻ എന്നിവക്കാണ് പ്രധാനമായും വിലയേറിയിരിക്കുന്നത്.പച്ചമുളക് കിലോയ്ക്ക് 120ൽ നിന്ന് 145ലേക്കും നേന്ത്രക്കായ 40ൽനിന്ന് 60ലേക്കും മല്ലിയില 90ൽനിന്ന് 220ലേക്കും പുതീന 60ൽനിന്ന് 180ലേക്കും എളവൻ 26ൽനിന്ന് 42ലേക്കും വില ഉയർന്നു.
പയർ 65ൽനിന്ന് 85ലേക്കും ബീൻസ് 100ൽനിന്ന് 120ലേക്കും വെള്ളരി 30ൽനിന്ന് 38ലേക്കും, വെണ്ട 35ൽനിന്ന് 60ലേക്കും ചേന 70ൽനിന്ന് 80ലേക്കും തക്കാളി 48ൽനിന്ന് 70ലേക്കും എത്തി. കയ്പ, മത്തൻ എന്നിവക്ക് വലിയ മാറ്റമില്ല. അടുത്ത ദിവസങ്ങളിൽ പച്ചക്കറിക്ക് ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. രണ്ടു മാസം മുമ്പ് വെള്ളത്തിന്റെ കുറവ് മൂലം വിളവ് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാട്, കർണാടക വിപണികൾ പച്ചക്കറിക്ക് വില വർധിപ്പിച്ചത്. ഇപ്പോൾ മഴക്കെടുതിയുടെ പേരിലാണ് വിലവർധന.
ഇറച്ചിക്കോഴിയുടെ വില ചെറിയ രീതിയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പെരുന്നാൾ ദിനം ആകുമ്പോഴേക്കും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. 160 രൂപ വരെ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില വർധിച്ചിടത്ത് ഇപ്പോൾ 150 രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ലഭ്യത കുറവാണെന്ന് പറഞ്ഞ് ഏപ്രിലിൽ ഒറ്റയടിക്ക് ഉയർത്തിയ ആട്, പോത്ത് ഇറച്ചി വില അതേനിലയിൽ തുടരുകയാണ്.
600 രൂപയുണ്ടായിരുന്ന ആട്ടിറച്ചി 750 മുതൽ 800 രൂപ വരെയും 320 രൂപയുണ്ടായിരുന്ന പോത്തിറച്ചി 350 വരെയുമാണ് വില ഉയർത്തിയത്. പലചരക്കുവിപണിയിൽ ഏലം, കുരുമുളക് എന്നിവക്കാണ് വൻ വിലക്കയറ്റം. ഏലം കിലോക്ക് 300 വരെയും കുരുമുളക് 150 വരെയും വിലയേറി.ശർക്കര, ബിരിയാണി അരി എന്നിവക്ക് കിലോക്ക് അഞ്ച് രൂപ വരെ വിലയേറിയിട്ടുണ്ട്. വെളിച്ചെണ്ണക്കും ചെറിയ രീതിയിൽ വിലയേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.