അക്രമണത്തിന് ഇരയായവർ സഞ്ചരിച്ച സ്കൂട്ടർ
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ബാർ ജങ്ഷനിൽ വേങ്ങശ്ശേരി റോഡിൽവെച്ച് രണ്ടുപേർക്ക് വെട്ടേറ്റു. ഇലിയകോട്ടിൽ നരിയംപാടം പ്രസാദ് (35), സുഹൃത്ത് കുളക്കാട്ടുകുറിശ്ശി കണ്ടത്തിൽ ടോണി (38) എന്നിവർക്കാണ് വെട്ടേറ്റത്.
വ്യാഴാഴ്ച പുലർച്ച 3.30ന് കടമ്പഴിപ്പുറം വെട്ടേക്കര റോഡിൽ വാടകക്ക് താമസിക്കുന്ന കുളക്കാട്ടുകുറിശ്ശി സ്വദേശി പൂവത്തുംകുഴിയിൽ സ്റ്റെനോയുടെ വീട്ടിലേക്ക് ഒരു സംഘം ആളുകൾ വന്ന് വാതിലിൽ മുട്ടുകയും വാതിൽ തുറക്കാതായപ്പോൾ തിരിച്ചുപോവുകയും ചെയ്തിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന സ്റ്റെനോ ബന്ധുവായ ടോണിയോടും സുഹൃത്ത് പ്രസാദിനോടും വരാൻ ആവശ്യപ്പെട്ടു. ഇവർ സ്റ്റെനോയുടെ വീട്ടിലെത്തിയ ഉടൻ മൂവരും പുലർച്ച വാതിലിൽ മുട്ടിയ സംഘത്തെ അന്വേഷിച്ച് സ്കൂട്ടറിൽ പുറപ്പെട്ടു. ബാർ ജങ്ഷനിൽ നിന്നിരുന്ന അക്രമിസംഘം ഇവരെക്കണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
കൈകളിലും കാലിലും വെട്ടേറ്റ ടോണിയുടെ പരിക്ക് ഗുരുതരമാണ്. ടോണിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രസാദ് പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റെനോ വെട്ടേൽക്കാതെ രക്ഷപ്പെട്ടു.
പ്രസാദിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി ശ്രീകൃഷ്ണപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഷഹീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.