പാലക്കാട്: ജനുവരിയിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ഒമ്പത് ഇനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് മാറ്റുരക്കാൻ പോകുന്നത് ശ്രീകൃഷ്ണപുരത്തിന്റെ മൂവർ സംഘം. ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, ഗാനാലാപനം സംസ്കൃതം, ഉർദു സംഘഗാനം, തിരുവാതിര, മലയാള പദ്യം ചൊല്ലൽ എന്നിവയിലാണ് ഇവർ ജില്ലക്കായി മാറ്റുരക്കുന്നത്.
ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ എൻ. നിരഞ്ജൻ മോഹൻ, റിമ സുനിൽ, മാളവിക എ. വാര്യർ എന്നിവരാണ് ശ്രീകൃഷ്ണപുരത്തെ ആ മൂന്ന് നക്ഷത്രങ്ങൾ. എൻ. നിരഞ്ജൻ മോഹൻ എച്ച്.എസ് ആൺകുട്ടികളുടെ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, ഗാനാലാപനം സംസ്കൃതം, ഉർദു സംഘഗാനം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് തലസ്ഥാനത്തേക്ക് പോകുന്നത്. കഥകളി സംഗീതജ്ഞൻ നെടുമ്പള്ളി രാംമോഹൻ- മീരാ രാംമോഹൻ ദമ്പതികളുടെ മകനാണ് നിരഞ്ജൻ. എച്ച്.എസ് പെൺകുട്ടികളുടെ ശാസ്ത്രീയ സംഗീതം കഥകളി സംഗീതം, തിരുവാതിര, ഉർദു സംഘഗാനം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് റിമ സുനിൽ സംസ്ഥാന തലത്തിലേക്ക് പോകുന്നത്. കരുമാനാംകുറിശ്ശി സ്വദേശി സുനിൽ കുമാർ ആണ് പിതാവ്. അമ്മ: സ്മിത സുനിൽ.
എച്ച്.എസ് വിഭാഗം മലയാള പദ്യം ചൊല്ലൽ, ഉർദു സംഘഗാനം, തിരുവാതിര എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും എച്ച്.എസ് പെൺകുട്ടികളുടെ ഗാനാലാപനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയാണ് മാളവിക എ. വാര്യർ സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹത നേടിയത്. ആരോഗ്യവകുപ്പ് ജീവനക്കാരിയായ മഞ്ജുളയുടെയും ഹരിഗോവിന്ദന്റെയും മകളാണ് മാളവിക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.