പാലക്കാട്: വനിത കമീഷന് മുന്നിലെത്തുന്ന പരാതികളിൽ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരാവാതെ എതിർകക്ഷികൾ മാറിനിൽക്കുന്ന പ്രവണത വർധിക്കുന്നതായി വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കുറ്റം ബോധ്യപ്പെട്ടാൽ ഇവർക്കെതിരെ നടപടിയുണ്ടാകും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വനിത കമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മറ്റുജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കുറവാണ്. അതിനാൽ ലഭിക്കുന്ന കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. 2021 സെപ്റ്റംബർ വരെ 1470 പരാതികളാണ് കമീഷന് ലഭിച്ചത്. ഇതിൽ 1065 എണ്ണം പരിഹരിച്ചു. 405 എണ്ണമാണ് ബാക്കിയുള്ളത്. ഇതിൽ 75 പരാതികൾ വെള്ളിയാഴ്ച പരിഗണിച്ചു. 18 പരാതികൾ പരിഹരിച്ചിട്ടുണ്ട്. ഒരെണ്ണം പൊലീസ് റിപ്പോർട്ടിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ളവ എതിർകക്ഷികൾ ഹാജരാകാത്തതിനെ തുടർന്ന് അടുത്ത സിറ്റിങ്ങിനായി മാറ്റിവെച്ചു.
അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, സ്ത്രീകളെ അസഭ്യം പറയൽ, ഗാർഹിക പീഡനം, മുതിർന്നവരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് കമീഷൻ പ്രധാനമായും പരിഗണിച്ചത്.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡ്വക്കേറ്റുമാരായ കെ. രാധിക, രമിക, അഞ്ജന, കൗൺസിലർമാരായ ഡിംപിൾ, സ്റ്റെഫി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.