നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലേക്ക് വൈദ്യുതി എത്തിക്കാനായി ടവര്‍ ലൈന്‍ സ്ഥാപിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തീരുമാനം. ഇതു സംബന്ധിച്ച് നെന്മാറ ഡി.എഫ്.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതോടെ വ്യാഴാഴ്ച നെല്ലിയാമ്പതി പഞ്ചായത്തില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. നിലവില്‍ കൊല്ലങ്കോട് 110 കെ.വി. സബ് സ്റ്റേഷനില്‍നിന്ന് വനമേഖലയിലൂടെ പുല്ലുമേട് മുതല്‍ ഗോവിന്ദാമല വഴി ഊത്തുക്കുഴി വരെ 4.5 കിലോമീറ്റര്‍ ദൂരത്തിലാണ് വൈദ്യുതിക്കാലുകളിലൂടെ ലൈന്‍ വലിച്ച് പുലയമ്പാറ 33 കെ.വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
തൊഴിലാളികളുടെ നേതൃത്വത്തില്‍ അടിക്കാടുകള്‍ വെട്ടിയൊതുക്കുമെങ്കിലും വേനല്‍ക്കാലത്ത് കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ തട്ടിയും മഴക്കാലത്ത് മരക്കൊമ്പുകള്‍ പൊട്ടിവീണും നെല്ലിയാമ്പതിയിലേക്കുള്ള വൈദ്യുതി വിതര ണം ദിവസങ്ങളോളം തടസ്സപ്പെടുന്നത് പതിവാണ്. ഇതിനു പരിഹാരമായാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ പുല്ലുമേട്, ഗോവിന്ദമല, ഊത്തുക്കുഴി എന്നിവിടങ്ങളില്‍ മൂന്ന് ടവറുകള്‍ സ്ഥാപിച്ച് നിലവിലുള്ള വഴിയിലൂടെ തന്നെ ഉയരത്തില്‍ വൈദ്യുതി എത്തിക്കാന്‍ പദ്ധതി തയാറാക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തത്. ടവര്‍ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തിന്റെ ഉള്‍പ്പെടെ വിവരങ്ങള്‍ സഹിതമാണ് വനം വകുപ്പിന് കെ.എസ്.ഇ.ബി. അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ 10 മാസമായിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് നെല്ലിയാമ്പതി വികസന സമിതി, ആര്.എസ്.പി, നെല്ലിയാമ്പതി സംയുക്ത ടാക്സി ഡ്രൈവേഴ്സ് യൂനിയന്‍, നെല്ലിയാമ്പതി റിസോര്‍ട്ട് അസോസിയേഷന് എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് ബുധനാഴ്ച നെന്മാറ ഡി.എഫ്.ഒ പി. പ്രവീണുമായി നടത്തിയ ചര്‍ച്ചയില്‍ കെ.എസ്.ഇ.ബി നല്കിയ അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് അടിയന്തരമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. ചര്‍ച്ചയില്‍ നെല്ലിയാമ്പതി വികസന സമിതി പ്രസിഡന്റ് റഷീദ് ആലത്തൂര്‍, ആര്.എസ്.പി നെല്ലിയാമ്പതി മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദര്‍, നെല്ലിയാമ്പതി റിസോര്‍ട്ട് അസോസിയേഷന് ഭാരവാഹികളായ ജോണ്സണ്, ദിനേഷ്, നെല്ലിയാമ്പതി സംയുക്ത ടാക്സി യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.