പാലക്കാട്: ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ തെരുവുനായ് ശല്യവുമായി ബന്ധപ്പെട്ട് 25 ഹോട്ട്‌സ്‌പോട്ടുകള്‍.ഹോട്ട് സ്‌പോട്ടുകള്‍ പാലക്കാട്, കൊഴിഞ്ഞാമ്പാറ, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍, തൃക്കടേരി, അമ്പലപ്പാറ, കേരളശ്ശേരി, ആലത്തൂര്‍, പുതുനഗരം, കാവശ്ശേരി, പട്ടാമ്പി നഗരസഭ, മേലാര്‍കോട്, പോത്തുണ്ടി, തൃത്താല, പെരുമാട്ടി, ചിറ്റൂര്‍ നഗരസഭ, തച്ചനാട്ടുകര, അയിലൂര്‍, നെന്മാറ, കുഴല്‍മന്ദം, കപ്പൂര്‍, മണ്ണാര്‍ക്കാട് നഗരസഭ, പല്ലശ്ശന, പട്ടിത്തറ, മാത്തൂര്‍.
ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ബ്ലോക്ക്-പഞ്ചായത്ത് അധികൃതര്‍ക്ക് കലക്ടര്‍ നിർദേശം നല്‍കി.ഈ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.തെരുവുനായ്ക്കള്‍ക്ക് ഷെല്‍റ്റര്‍ ഹോം സജ്ജീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനും നായ്ക്കളുടെ ലൈസന്‍സിങ് കൃത്യമായി നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും പഞ്ചായത്ത് പരിധിയിലെ മാലിന്യ നിര്‍മാര്‍ജനം ഉറപ്പാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 20 വരെ നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവ് കൃത്യമായി നടത്താനും കലക്ടർ നിര്‍ദേശിച്ചു.
കൊല്ലങ്കോട്: തെരുവുനായ് ശല്യം രൂക്ഷമായതിൽ പഞ്ചായത്തിലെത്തി നാട്ടുകാരുടെ പ്രതിഷേധം. എ.ബി.സി കാര്യക്ഷമമായില്ലെന്ന് ആരോപിച്ചാണ് നെന്മേനി കമ്പങ്കോട്ടിലെ നാട്ടുകാർ കൊല്ലങ്കോട് പഞ്ചായത്ത് ഓഫിസിലെത്തിയത്.
പട്ടികളെ പാർപ്പിക്കാൻ പഞ്ചായത്തിൽ ഷെൽട്ടറുകൾ ഉടൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തിയാണ് പഞ്ചായത്തിലെത്തിയത്. സെക്രട്ടറിയും അസി.സെക്രട്ടറിയും അവധിയായതിനാൽ മറ്റു ഉദ്യോഗസ്ഥർക്ക് പരാതി നൽകി. നടപടി വേഗത്തിൽ ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞദിവസം വിദ്യാർഥിനിക്കും മുത്തച്ഛനും തെരുവുനായുടെ കടിയേറ്റിരുന്നു. നെന്മേനി, കമ്പങ്കോട് മണികണ്ഠന്റെ മകൾ മന്യ (16), മുത്തച്ഛൻ ഇട്ടായി (72) എന്നിവർക്കാണ് കടിയേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. മുതലമട നരിപ്പാറ ചള്ളയിൽ ബാലൻ (55), ഫാത്തിമ (65) എന്നിവർക്കും കഴിഞ്ഞദിവസം കടിയേറ്റു. പരിക്കേറ്റവർ തമിഴ്നാട് വളന്തായ്മരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. എം. മുരുകൻ, കെ. കിഷോർ, എസ്. സുധിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.