പാലക്കാട്: കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൽപാത്തി ഗ്രാമത്തിലും ക്ഷേത്ര പരിസരങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. കൽപാത്തി ഗ്രാമത്തിലേക്ക് ഞായറാഴ്ച രാവിലെ 11 മുതൽ 16ന് രാത്രി രഥോത്സവ ചടങ്ങുകൾ അവസാനിക്കുന്നതു വരെ കൽപാത്തി ഗ്രാമവാസികൾക്കും മീഡിയ, പൊലീസ്, മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
ചാത്തപുരം, മിനി ചാത്തപുരം, ശേഖരീപുരം ജങ്ഷൻ, മന്തക്കര ഗണപതി കോവിൽ ജങ്ഷൻ, ഗോവിന്ദാപുരം ജങ്ഷൻ തുടങ്ങിയ പ്രധാന വഴികൾ ബാരിക്കേഡ് വെച്ച് അടച്ച് പൊലീസ് നിയന്ത്രണത്തിലായിരിക്കും. ഗ്രാമവാസികൾ ആരുംതന്നെ രഥ പ്രയാണം നടക്കുന്ന സമയങ്ങളിൽ ഗ്രാമവീഥികളിൽ ഇറങ്ങി നടക്കരുതെന്നും അറിയിപ്പിൽ പറയുന്നു.
ക്ഷേത്ര കമ്മിറ്റികാർ പേരുവിവരം എഴുതി കലക്ടർക്ക് നൽകിയവർ മാത്രമേ രഥം വലിക്കുന്നതിന് കൂടെ ഉണ്ടാവാൻ പാടുള്ളൂ. കൽപാത്തി ഗ്രാമവാസികൾക്ക് മാത്രമേ രഥ പ്രയാണം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മറ്റു സ്ഥലങ്ങളിൽനിന്നും വരുന്ന പൊതുജനങ്ങൾക്ക് കൽപാത്തി ഗ്രാമത്തിലേക്കോ രഥ പ്രയാണം നടക്കുന്ന വീഥിയിലേക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും പൊലീസ് മേധാവിയുടെ അറിയിപ്പിൽ പറയുന്നു.
നിയന്ത്രണങ്ങൾ പാലിക്കണം –കലക്ടർ
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിലെ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200-ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കരുതെന്ന നിയന്ത്രണം കൃത്യമായി പാലിക്കുന്നതോടൊപ്പം തന്നെ ഉത്സവത്തിൽ പങ്കെടുക്കുന്നവർ മാസ്ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കലക്ടർ നിർദേശിച്ചു. അഗ്രഹാരത്തിൽ ഉള്ളവർ തിരക്കിനിടയാക്കാതെ വീട്ടിലിരുന്ന് തന്നെ ഉത്സവം കാണണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.