താമരക്കുളത്ത് വിദ്യാർഥിയുടെ മുങ്ങി മരണം: മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും - എം.എൽ.എ

ഒറ്റപ്പാലം: ഉദ്‌ഘാടനം നടന്ന് ഒരു മാസം പൂർത്തിയാകും മുമ്പേ 15 കാരൻ മുങ്ങിമരിച്ച പത്തൊമ്പതാം മൈലിലെ താമരക്കുളം നീന്തലിന് അനുയോജ്യമല്ലെന്നും ഈ സാഹചര്യത്തിൽ കുളത്തിന് സമീപം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച്, പ്രദേശത്തുള്ളവരുമായി കൂടിയാലോചിച്ച് സുരക്ഷ സമിതി രൂപവത്കരിക്കുമെന്നും അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ. ഒന്നര ഏക്കർ വിസ്തൃതിയുള്ള കുളം രണ്ട് കോടി ചെലവിട്ട് നവീകരണം പൂർത്തിയാക്കി ഒക്ടോബർ 29നാണ് നാടിന് സമർപ്പിച്ചത്. നവംബർ 27 നാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിനാൻ നീന്തുന്നതിനിടെ മുങ്ങി മരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമിതിയിൽ നടന്ന ചർച്ചയിൽ കുളത്തിൽ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് എം.എൽ.എ യുടെ അറിയിപ്പ്. 25 അടിയോളം ആഴമുണ്ട് കുളത്തിന്.ശനി, ഞായർ ദിവസങ്ങളിൽ നിരവധിയാളുകൾ കുളം കാണാനും നീന്താനുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നുണ്ട്.

ജലാശയം ആഴമേറിയതും അപകട സാധ്യത കൂടിയതുമാണെന്നും നീന്തൽ അറിയാത്തവരും ലഹരി വസ്തുക്കൾ ഉപയോഗിച്ചവരും അപസ്മാര രോഗികളും കുളത്തിൽ ഇറങ്ങരുതെന്നുമുള്ള ഷൊർണൂർ അഗ്നിരക്ഷ നിലയത്തിന്‍റെ മുന്നറിയിപ്പ് ബോർഡും അവഗണിച്ചാണ് ആളുകൾ കുളത്തിൽ നീന്താനിറങ്ങുന്നത്.കാവൽക്കാരനെ നിയോഗിക്കുന്നതുൾപ്പെടെയുള്ള പല നിർദേശങ്ങളും ചർച്ചയിൽ വന്നെങ്കിലും പ്രാദേശികരുടെ സുരക്ഷ സമിതി രൂപവത്കരണമാണ് ഭേദമെന്ന് എം.എൽ.എ നിലപാടെടുക്കുകയായിരുന്നു. ഒറ്റപ്പാലം നഗരസഭയുടേതാണ് കുളം.

Tags:    
News Summary - Student's drowning death in Tamarakulam: Warning board will be installed - MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.