മുതലമട ആനക്കുഴിക്കാട്ടിലെ മാലിന്യം നിറഞ്ഞ പൊതുകിണർ
പുതുനഗരം: വേനൽ വറുതിയിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ അതിന് ആശ്വാസമേകാനുള്ള വഴികൾ ആരും നോക്കാനില്ലാതെ നശിക്കുന്നു. മേഖലയിലെ പൊതുകിണറുകൾക്കാണ് ഈ ദുർഗതി. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, നെന്മാറ, അയലൂർ, പല്ലശ്ശന, കൊടുവായൂർ, പെരുവമ്പ്, പുതുനഗരം, വടവന്നൂർ, പട്ടഞ്ചേരി, മുത ലമട എന്നീ പഞ്ചായത്തുകളിൽ 38ലധികം പൊതുകിണറുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിപാലനമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ചില കിണറുകൾ നാട്ടുകാരുടെ സന്നദ്ധതയോടുകൂടി ചില പഞ്ചായത്തുകൾ ശുചീകരണം നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം കിണറുകളും മാലിന്യം നിറഞ്ഞ ഉപയോഗശൂന്യമായിട്ടുണ്ട്. ഇതിൽ നീരുറവയുള്ള കിണറുകളും ഉൾപ്പെടും.
നായ് ഉൾപ്പെടെ ജന്തുക്കൾ വീണ് ചത്തതിനുശേഷം ഉപയോഗശൂന്യമായതുമുണ്ട്. എന്നാൽ, ഇവയെ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തി ശുചീകരിച്ചതാണെങ്കിൽ ഇപ്പോഴും കടുത്ത വേനലിലും നിരവധി പ്രദേശങ്ങൾക്ക് സഹായകമാകുന്ന കിണറുകളാണ്. കൊല്ലങ്കോട് പഞ്ചായത്തിലെ ഇടച്ചിറയിലെ കുഴൽ കിണറും പൊതുകിണറും നാട്ടുകാർക്ക് അന്യമായി. അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ 1956ൽ നിർമിച്ച പൊതുകിണറും 1919ൽ സ്ഥാപിച്ച കുഴൽ കിണറും നാട്ടുകാർക്ക് ഉപയോഗിക്കാൻ സാധിക്കാതായി. അറ്റകുറ്റപ്പണികൾ യഥാസമയത്ത് നടത്താത്തതിനാൽ ഉപയോഗശൂന്യമായത്. 300ലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന പൊതുകിണർ ജനങ്ങൾക്ക് ഗുണകരമാക്കി മാറ്റാൻ പഞ്ചായത്ത് തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുഴൽ കിണർ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ അതും നിലച്ചു.
പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഏക ആശ്രയം. വൈദ്യുതി തടസം, യന്ത്രത്തകരാറുകൾ എന്നിവയുണ്ടാകുന്ന സമയങ്ങളിൽ ജലവിതരണം നിലച്ചാൽ നാട്ടുകാർക്ക് കുടിവെള്ളം മുട്ടും. നീരുറവയുണ്ടായും നശിക്കുന്ന ഇടച്ചിറയിലെ പൊതുകിണറും കുഴൽ കിണറും അറ്റകുറ്റപ്പണികൾ നടത്തി ശുചീകരിച്ച് ഉപയുക്തമാക്കണമെന്നാണ് വീട്ടമ്മമാരുടെ ആവശ്യം. നണ്ടൻകിഴായ ആനക്കുഴിക്കാട്, നാടൻകിഴായ ഗോവിന്ദാപുരം റോഡ്, ആട്ടയാമ്പതി, വടവന്നൂർ പട്ടത്തലച്ചി, പൊക്കുന്നി, കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് റോഡ്, ട്രഷറി പരിസരം, കൊല്ലങ്കോട് ടൗൺ, പുതുനഗരം പഞ്ചായത്തിന് സമീപം, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽ മാലിന്യം നിറഞ്ഞ പൊതുകിണറുകൾ ശുചീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.