പാലക്കാട്: അത്യുഷ്ണത്തിന് അൽപം ആശ്വാസം. ജില്ലയിൽ പരക്കെ വേനൽമഴ ലഭിച്ചതോടെ അന്തരീക്ഷ താപം കുറയുന്നു. ഉഷ്ണതരംഗം ആദ്യം സ്ഥിരീകരിച്ച പാലക്കാട് മേയ് ആദ്യ രണ്ടുവാരം പെയ്തുതോർന്നത് 93.7 മില്ലിമീറ്റർ മഴയാണ്.
സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 47 ശതമാനം അധിക മഴ ജില്ലയിൽ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ശരാശരി 63.9 മില്ലിമീറ്റററാണ് ജില്ലയിൽ ഈ സമയം ലഭിക്കാറുള്ള മഴ.
എന്നാൽ മാർച്ച് ആദ്യവാരം മുതൽ മേയ് 15വരെ 168.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 109.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇതുവരെ 35 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. പലയിടത്തും ഇടിയും മിന്നലുമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. പലയിടത്തും ശക്തമായ മഴ ലഭിച്ചെങ്കിലും ശരാശരി 34 ഡിഗ്രിയാണ് ചൂട്. മലമ്പുഴയിലാണു കൂടുതൽ -36 ഡിഗ്രി.
എല്ലാ ഘടകങ്ങളും അനുകൂലമായതിനാൽ കാലവർഷം വൈകില്ലെന്നാണു കാലാവസ്ഥ ഏജൻസികളുടെ ഇപ്പോഴത്തെ നിരീക്ഷണം. കഴിഞ്ഞവർഷം അറബിക്കടലിൽ പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് രണ്ടാഴ്ച വൈകിയാണു കാലവർഷമഴ എത്തിയത്. അടുത്ത ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്.
മാർച്ച് ഒന്നുമുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് മൊത്തത്തിൽ ഇതുവരെ ലഭിക്കേണ്ട 227.9 മില്ലിമീറ്റർ മഴയിൽ കിട്ടിയത് 126.9 മില്ലിമീറ്ററാണ്, 44 ശതമാനത്തിന്റെയാണ് കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.