പാലക്കാട്: കര്‍ഷകരില്‍നിന്ന് താങ്ങുവില നല്കി നെല്ല് സംഭരിക്കുന്നതിന് സജ്ജമെന്ന് സപ്ലൈകോ അവകാശപ്പെടുമ്പോഴും കൊയ്ത്ത് കഴിഞ്ഞ കര്‍ഷകരുടെ വീടുകളില്‍ നെല്ല് കെട്ടികിടക്കുന്നു. സപ്ലൈകോ നെല്ല് സംഭരണം പാളിയതോടെ കര്‍ഷകര്‍ നട്ടംതിരിഞ്ഞു.
കേന്ദ്രസർക്കാർ കനിഞ്ഞെങ്കിലും അധികൃതരുടെ മെല്ലെപ്പോക്ക് നയവും ദീർഘവീക്ഷണമില്ലായ്മയും സംഭരണം ഈ പ്രാവശ്യവും അനിശ്ചിതത്തിലാക്കാന്‍ കാരണം.
ഒക്ടോബർ ഒന്നുമുതലാണ് രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം ആരംഭിക്കുന്നത്.
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംഭരണം സെപ്റ്റംബറിൽ ആരംഭിക്കണമെന്ന കർഷകരുടെ മുറവിളിയെ തുടര്‍ന്ന് സംസ്ഥാന സർക്കാർ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രയാലത്തിനോട് നിരവധി തവണ ആവശ്യപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ മുതൽ സംഭരണം തുടങ്ങാൻ അനുമതി നൽകിയത്.
എന്നാൽ, കേന്ദ്രം കനിഞ്ഞെങ്കിലും സപ്ലൈകോയുടെ പിടിപ്പുകേട് കാരണം സംഭരണം നീണ്ടുപോകുകയാണ്. കൊയ്തെടുത്ത നെല്ല് മാസങ്ങളോളം വീടുകളിൽ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. നല്ല വെയിൽ ലഭിക്കുന്നതിനാൽ വയലുകൾ കൊയ്ത്തിനു പാകമായികൊണ്ടിരിക്കുകയാണ്. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ കൊയ്തെടുത്ത നെല്ല് തുച്ഛ വിലയ്ക്ക് ഓപൺ മാർക്കറ്റിൽ കൊടുക്കാൻ നിർബന്ധിതരാകും.
നെല്ല് സംഭരിക്കുന്നതിന് മുന്‍വര്‍ഷങ്ങളിലുള്ള എല്ലാ മില്ലുടമകളുമായി കരാറിലേർപ്പെടാനോ പാഡി അസിസ്റ്റന്റുമാരെ പൂര്‍ണമായി നിയമിക്കാനോ ഇതുവരെ സപ്ലൈകോവിന് കഴിഞ്ഞിട്ടില്ല. മില്ലുടമകളുമായി കരാറിലേർപ്പെട്ടാൽ മാത്രമേ പാടശേഖരങ്ങളുടെ അലോൻറ്മെൻറ് നടത്താൻ കഴിയൂ. ഇതിനെല്ലാം ആഴ്ചകൾ വേണ്ടിവരും.
അതുവരെ കൊയ്തെടുത്ത നെല്ല് വീടുകളിൽ സൂക്ഷിക്കാൻ സ്ഥലപരിമിതികാരണം പെടാപാടുപെടുകയാണ്. ഈ സീസണിലെ താങ്ങുവില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പാലക്കാട്: കർഷകർ കൊയ്ത്ത് തുടങ്ങി നെല്ല് സംഭരിക്കണമെന്ന മുറവിളി തുടങ്ങിയാൽ മാത്രമെ സപ്ലൈകോ അതിനുവേണ്ട ഒരുക്കങ്ങൾ ആരംഭിക്കൂ. മുൻവർഷത്തെ പതിവുശൈലി ഈ പ്രാവശ്യവും സപ്ലൈകോ മാറ്റിയില്ല. അപേക്ഷയിൽ ലോഡിങ് പോയന്റ് സംബന്ധിച്ച ആശയകുഴപ്പത്തിന് പരിഹാരമായത് കഴിഞ്ഞദിവസമാണ്. ഓരോ കർഷകന്റെയും ലോഡിങ് പോയന്റ് രേഖപ്പെടുത്തന്നതിനുപകരം ഒരു പാടശേഖരത്തിലെ എല്ലാ കർഷകരുടെയും ലോഡിങ് പോയന്റായി ആ പാടശേഖരത്തിലെ ഒരു സ്ഥലം രേഖപ്പെടുത്താൻ തീരുമാനമായി.
കൃഷിഭവനുകളിലെ കൃഷി അസിസ്റ്റന്റുമാർ സപ്ലൈകോ പോർട്ടലിൽ അവരുടെ ലോഗിൻ ഉപയോഗിച്ച് ഇതുചെയ്യും. നടപടകളിലെ സ്തംഭനാവസ്ഥയും തർക്കവും പരിഹരിക്കാൻ മന്ത്രി കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ഇതുവരെയുള്ള നെല്ലെടുപ്പ് അപേക്ഷകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പരിശോധന നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തീരുമാനമായി.
പാലക്കാട്: ജില്ലയിൽ പരക്കെ കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണം സംബന്ധിച്ച് പ്രഖ്യാപനം പുറപ്പെടുവിക്കാത്ത സംസ്ഥാന സർക്കാറിന്റെ സമീപനത്തെ ദേശീയ കർഷക സമാജം എക്സിക്യൂട്ടിവ് യോഗം വിമർശിച്ചു.
കർഷകരിൽനിന്ന് എപ്പോൾ നെല്ല് സംഭരിക്കുമെന്നും എന്ത് വിലയ്ക്ക് സംഭരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഒരു കിലോ നെല്ലിന് 1.17 രൂപ വർധിപ്പിച്ച് 23 രൂപയാക്കി. എന്നാൽ, നിലവിലുണ്ടായിരുന്ന ഇന്‍സെന്റീവ് 6.37 രൂപ അതേ പോലെ തുടരുകയാണ്. ഇത് വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. ഓരോ സീസൺ ആരംഭിക്കുമ്പോഴും ഓരോ തർക്കങ്ങൾ ഉന്നയിച്ച് നെല്ല് സംഭരണം നീട്ടി കൊണ്ടുപോകുന്നത് കേരള സർക്കാറിന്റെ പതിവു ശൈലിയാണ്. ഇതുമൂലം കഷ്ടത്തിലാകുന്നത് നെൽകർഷകരാണ്. സർക്കാറിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനം ഉണ്ടായെങ്കിൽ മാത്രമെ അനന്തരനടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിയുകയുള്ളൂ.
ഇപ്പോഴത്തെ നെല്ലിന്റെ ഉൽപാദന വില കിലോഗ്രാമിന് 35 രൂപവരും. ഈ വില കർഷകക്ക് ലഭിക്കുവാൻ നടപടി ഉണ്ടാവണമെന്നും എത്രയും പെട്ടെന്ന് കർഷകരിൽനിന്ന് നെല്ല് എടുക്കുവാൻ നടപടികൾ ഉണ്ടാവണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡന്റ് മുലാംതോട് മണി അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി വി. രവീന്ദ്രൻ, എ.ബി. അരവിന്ദാക്ഷൻ, കെ. വിജയമണി, എൻ. സുദീർലാൽ, കെ. നേതാജി, കെ. സുദർശൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.