പാലക്കാട്: ജില്ലയിലെ മേലാര്‍ക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ചിറ്റിലഞ്ചേരിയിലെ പിപ പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ അയിലൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, നെന്മാറ, ആലത്തൂര്‍, വടക്കഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ മൃണ്മയി ജോഷി ഉത്തരവിറക്കി.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതൽ സ്വീകരിക്കാനും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. മേലാര്‍ക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുള്ള എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്കരിച്ച് ആ വിവരം ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നേരത്തേ മുതലമട പഞ്ചായത്തിലെ നീളിപ്പാറയിലും അഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
നിര്‍ദേശങ്ങള്‍
രോഗബാധിത പ്രദേശങ്ങളില്‍നിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം.
മേലാര്‍ക്കോട് ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമില്‍നിന്ന് മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യണം.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കി.
ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നഗരസഭ/ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, റൂറല്‍ ഡെയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫിസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടി മൃഗസംരക്ഷണ ഓഫിസര്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
പന്നി മാംസത്തിന് നിയന്ത്രണം
വടക്ക്-കിഴക്ക് ഇന്ത്യയിലും ബിഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 30 ദിവസത്തേക്ക് പന്നി, മാംസം, പന്നി മാംസം കൊണ്ടുള്ള ഉൽപ്പന്നങ്ങള്‍, വളം എന്നിവ കേരളത്തിലേക്കും കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരാനും കൊണ്ടുപോകാനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈറസ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളം നിയന്ത്രിത മേഖലയാണ്. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതി ഈ വൈറസ് മൂലം ഉണ്ടാകും.
ഈ രോഗം പന്നികളില്‍ മാത്രം കണ്ടുവരുന്നതിനാല്‍ മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാൻ സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.