തച്ചമ്പാറ: തൊഴിലില്ലായ്മ പ്രശ്നങ്ങൾക്ക് തച്ചമ്പാറ പഞ്ചായത്ത് രൂപം നൽകിയ മാതൃകാ പദ്ധതിക്ക് അംഗീകാരം. കെ-ഡെസ്കും കിലയും സംയുക്തമായി നടപ്പിലാക്കുന്ന ‘ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം’പദ്ധതിയിൽ പ്രാവർത്തികമാകുന്നത് തച്ചമ്പാറ പഞ്ചായത്ത് സമർപ്പിച്ച പദ്ധതിയാണെന്നത് അഭിമാനാർഹമായ നേട്ടമായി. സംസ്ഥാനതലത്തിൽ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ് മേധാവി ഡോ. അരുൺ സുരേന്ദ്രന്റെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങളാക്കായി പഞ്ചായത്തിൽ യോഗം ചേർന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ തൊഴിലില്ലായ്മക്ക് പൂർണമായും പരിഹാരം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നൂതന ആശയങ്ങളുമായി വരുന്ന സംരംഭങ്ങൾക്ക് ആശയം മുതൽ വിപണനം വരെ ഉള്ള ഘട്ടങ്ങളിൽ സൗജന്യ പരിശീലനം നൽകുകയും സംരംഭങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയും അതുവഴി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യാൻ ഉതകുന്നതാണ് പദ്ധതി.
തൊഴിൽ നൈപുണ്യ വികസനത്തിനായി തൊഴിൽ പരിശീലനവും സൗജന്യമായി ഓഫിസ് സൗകര്യവും ഇതിന്റെ ഭാഗമായി ലഭിക്കും. വൈസ് പ്രസിഡൻറ് രാജി ജോണി, വാർഡംഗങ്ങളായ ഐസക്ക് ജോൺ, തനൂജ രാധാകൃഷ്ണൻ, മല്ലിക, സി.ഡി.എസ് ചെയർപേഴ്സൺ സുനിത മറ്റ് കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജാലകം സർവേയുടെ ഭാഗമായി 4000ലധികം അഭ്യസ്ഥവിദ്യർ പഞ്ചായത്തിൽ തൊഴിൽ അന്വേഷിക്കുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.