പാലക്കാട്: സ്വന്തമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് തീരുവ ചുമത്തുന്നതിനെതിരെ സോളാർ ഉപയോക്താക്കളുടെ കൂട്ടായ്മ രംഗത്ത്. ഊർജ ഉൽപാദനത്തിന് നികുതി ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറുകളെ വിലക്കിയിട്ടും അന്യായമായി തീരുവ ചുമത്തുന്നതിനെതിരെ കേന്ദ്ര സർക്കാറിന് കൂട്ടഹരജി സമർപ്പിക്കുമെന്ന് സൗരോർജ ഉപയോക്താക്കളുടെ സമൂഹമാധ്യമ കൂട്ടായ്മയായ ‘സോളാർ പ്രോസ്യൂമർ ഡൊമസ്റ്റിക് ഒൺലി’ കോഓഡിനേറ്റർമാർ അറിയിച്ചു.
1963ലെ കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് ആൻഡ് റൂൾസ് പ്രകാരം കേരളത്തിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്ക് വൈദ്യുതി ഡ്യൂട്ടി (യൂനിറ്റിന് 1.2 പൈസ) ചുമത്തിയിരുന്നു. 2023-24 ബജറ്റിൽ, 24 കോടി വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഈ തീരുവ യൂനിറ്റിന് 15 പൈസയായി ഗണ്യമായി വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്തുടനീളം ശുദ്ധമായ ഊർജസ്രോതസ്സുകൾ സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഊർജ ഉൽപാദനത്തിന് നികുതി ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറുകളെ വിലക്കിയിട്ടുണ്ട്. കേരളത്തിലാകട്ടെ സ്വന്തമായി ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന ഊർജത്തിനാണ് തീരുവ ചുമത്തുന്നതെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. സോളാർ ഉപയോക്താക്കൾ ഉൽപാദിപ്പിക്കുന്ന ഊർജം ഉപയോഗിച്ചതിന്റെ ബാക്കി കെ.എസ്.ഇ.ബിക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഉൽപാദിപ്പിച്ച മൊത്തം ഊർജത്തിന് സോളാർ ഉപയോക്താവിൽനിന്ന് യൂനിറ്റിന് 15 പൈസ വാങ്ങുന്നതിനു പുറമെ അവരിൽനിന്ന് വാങ്ങി മറ്റൊരു ഉപഭോക്താവിന് വിൽക്കുന്ന വൈദ്യുതിക്ക് മറ്റൊരു ഡ്യൂട്ടിയും കെ.എസ്.ഇ.ബി ഈടാക്കുന്നുണ്ട്. ചുരുക്കത്തിൽ, ഒരു ഭാഗം വൈദ്യുതിക്ക് രണ്ടു തീരുവ ഈടാക്കുന്ന സമീപനമാണ് കെ.എസ്.ഇ.ബിയിൽനിന്നുണ്ടാകുന്നതെന്ന് സോളാർ ഉപയോക്താക്കൾ ആരോപിക്കുന്നു.
പാലക്കാട്: സൗരോർജ ഉപയോക്താക്കളുടെ ആശങ്കകൾ പങ്കുവെക്കാനും പരിഹാരം കണ്ടെത്താനും ഈയടുത്ത് രൂപപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മയാണ് ‘സോളാർ പ്രോസ്യൂമർ ഡൊമസ്റ്റിക് ഒൺലി’. കെ.എസ്.ഇ.ബിയുടെ സൗരോർജ ബില്ലിങ്ങിലും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ പുനരുപയോഗ ഊർജ ഭേദഗതിയിലും ആശങ്കപ്പെട്ട ഘട്ടത്തിലാണ് സോളാർ ഉപയോക്താക്കൾ കൂട്ടായ്മ രൂപവത്കരിച്ചത്. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് വിരമിച്ച ജെയിംസ് കുട്ടി തോമസാണ് നേതൃത്വം നൽകുന്നത്. ദിവസങ്ങൾക്കുള്ളിൽ രണ്ട് വാട്സ്ആപ് ഗ്രൂപ്പുകളിലായി 1900ത്തിലേറെ പേർ കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.