വേനൽ ചൂടിനൊപ്പം ശീതളപാനീയ വിപണിയും ഉണർവിന്റെ പാതയിലാണ്. നിരത്തുകളിൽ പനനൊങ്കിനും കരിക്കിനും ആവശ്യക്കാരേറെ. കോട്ടമൈതാനത്തിന് സമീപത്തെ കരിക്ക് വ്യാപാരം വേനലിന്റെ ആദ്യവാരങ്ങളിൽ തന്നെ സജീവമാവുകയാണ്.
നഗരനിരത്തിനരുകിൽ കരിക്ക് അടുക്കിവെച്ചിരിക്കുന്നത് തന്നെ കുളിർമയുള്ള കാഴ്ചയാണ്. തമിഴ്നാട്ടിൽനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും ഇളനീർ എത്തുന്നത്. നേരത്തെ ടൗൺ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, ഒലവക്കോട് എന്നിവിടങ്ങളിൽ കുടുംബശ്രീ യൂനിറ്റിന്റെ ഇളനീർ ബൂത്തുകളുണ്ടായിരുന്നെങ്കിലും ഇക്കുറി പ്രവർത്തനമാരംഭിച്ചിട്ടില്ല.
ടൗൺ ഹാളിന് സമീപത്തും സ്റ്റേഡിയം ബൈപാസിലുമാണ് നിലവിൽ ഇളനീർ കച്ചവടം പൊടിപൊടിക്കുന്നത്. രാവിലെ നഗരത്തിൽ നടക്കാനിറങ്ങുന്നവർ മുതൽ ഉച്ചവെയിലിൽ ദാഹമകറ്റാനെത്തുന്നവർ വരെ കരിക്കിന് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇളനീരിന് 10 മുതൽ 15 രൂപ വരെ വില വർധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 രൂപക്ക് ലഭിച്ചിരുന്ന ഇളനീരിന്റെ തണുപ്പിന് ഇക്കുറി 40-45 രൂപ നൽകണം.
നഗരത്തിലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർ മുതൽ തദ്ദേശീയർ വരെ പാലക്കാടൻ തനിമയാർന്ന പനനൊങ്കിന് ആവശ്യക്കാർ നിരവധിയാണ്. കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, പൊള്ളാച്ചി തുടങ്ങി തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ഇളനീരിനൊപ്പം നൊങ്കും എത്തിക്കുന്നത്.
ഇതിനൊപ്പം ജില്ലയിൽ കൊഴിഞ്ഞാമ്പാറയിൽനിന്നും നൊങ്ക് സമാഹരിക്കുന്നുണ്ട്. ഇന്ധനവിലയടക്കം വർധിച്ചതോടെ ഇക്കുറി നൊങ്കിനും വിലയുയർന്നതായി വ്യാപാരികൾ പറയുന്നു. ഒരുകുല പനനൊങ്കിന് 130 രൂപയോളം നൽകിയാണ് സംഭരിക്കുന്നത്. ഇത് നഗരത്തിലെത്തിച്ച് നൊങ്കൊന്നിന് എട്ടുരൂപ നിരക്കിലാണ് കച്ചവടം. നേരത്തെ 100 രൂപക്ക് 15 നൊങ്ക് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 12 എണ്ണമായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.