ആലത്തൂർ: കാവശ്ശേരി വടക്കേനട-പത്തനാപുരം റോഡിലെ ഗായത്രി പുഴക്ക് കുറുകെയുള്ള താൽക്കാലിക നടപ്പാത വീണ്ടും ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന പാലം പൊളിച്ച ശേഷം നിർമിച്ച മൂന്നാമത്തെ താൽക്കാലിക നടപ്പാതയാണ് പുഴയിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് തകരുന്നത്. ഉയരക്കുറവുള്ള പഴയ പാലം മഴക്കാലത്ത് വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായപ്പോഴാണ് പുതിയ പാലം നിർമിക്കാനായി നിലവിലെ പാലം പൊളിച്ചത്.
പാലം പൊളിച്ചതോടെ പത്തനാപുരം, തോണിപ്പാടം മേഖലകളിലെ ആയിരക്കണക്കിനാളുകളുടെ യാത്ര മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് ചെറിയ വാഹനങ്ങൾക്കും ആളുകൾക്കും സഞ്ചരിക്കാനായി അടി ഭാഗത്ത് ഓവ് വെച്ച് മുകളിൽ ക്വാറി അവശിഷ്ടം ഇട്ട് താൽക്കാലിക പാലം നിർമിച്ചത് ആദ്യമഴക്ക് തന്നെ ഒലിച്ചുപോയി. വീണ്ടും പ്രതിഷേധമുയർന്നപ്പോൾ വാഹനങ്ങളെ ഒഴിവാക്കി ആളുകൾക്ക് മാത്രമായി നടപ്പാലം നിർമിച്ചു. അതും അടുത്ത ദിവസത്തെ മഴയിൽ തകർന്നു.
താൽക്കാലിക പാത നിർമിക്കലും അടുത്ത ദിവസത്തെ മഴയിൽ തകരുന്നതും പതിവായിരിക്കുകയാണ്.
ഇതോടെ ഇതു വഴിയുള്ള സഞ്ചാരം പൂർണമായി മുടങ്ങിയിരിക്കുകയാണ്. കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന വിധമുള്ള സംവിധാനമാണ് വേണ്ടത്. പഴയപാലം പൊളിക്കാതെ പുതിയ പാലം നിർമിക്കുകയോ അല്ലെങ്കിൽ മഴക്കാലത്തിന് ശേഷം നിർമ്മാണം നടത്തുകയോ വേണ്ടിയിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
തോണിപ്പാടം, പത്തനാപുരം മേഖലകളിലെ പ്രധാന വ്യാപാര വാണിജ്യകേന്ദ്രം ആലത്തൂരാണ്. പാലം പൊളിച്ച ശേഷം അവിടെയെത്താൻ 10 കിലോമീറ്റർ അധികം സഞ്ചരിക്കണം. ഗതാഗത സൗകര്യമോ സഞ്ചാരയോഗ്യമായ റോഡോ ഇല്ലാത്ത പ്രദേശത്തിലൂടെയാണ് അധിക ദൂരം സഞ്ചരിക്കേണ്ടതെന്നതാണ് ജനങ്ങളെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.