നെല്ലിയാമ്പതി: തിങ്കളാഴ്ച കൂനമ്പാലത്തെ തേയിലത്തോട്ടത്തിനടുത്തുള്ള പൊതുകിണറ്റിൽനിന്ന് കണ്ടെത്തിയ കടുവയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സൂര്യ പാറ വനമേഖലയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തൃശൂർ വെറ്ററിനറി കോളജ് അസിസ്റ്റൻറ് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് ഏബ്രഹാം, നെല്ലിയാമ്പതിയിലെ വെറ്ററിനറി സർജൻ ഡോ. ടി.ആർ. അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്.
നെന്മാറ ഡി.എഫ്.ഒ പി.പി. അനീഷ്, നെല്ലിയാമ്പതി റേഞ്ച് ഓഫിസർ കെ.ആർ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും മേൽനോട്ടത്തിനുണ്ടായിരുന്നു. നാഷണൽ ടൈഗർ കൺസർവേറ്റിവ് അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ചുള്ള അഞ്ചംഗ വിദഗ്ധ സമിതിയംഗങ്ങളായ അഡ്വ. എൽ. നമശിവായം, ഡോ. രജ്ഞിത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇര പിടിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ കടുവയുടെ ശരീരത്തിലേറ്റ ആഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാരുടെ പ്രാഥമികനിഗമനം. ഹൃദയമുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾക്ക് നെഞ്ചിടിച്ചുള്ള വീഴ്ചയിൽ മാരക ക്ഷതമേറ്റിട്ടുണ്ട്. വീഴ്ചയിലുണ്ടായ മുറിവുകളാണ് ശരീരത്തിൽ കണ്ടത്.
ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് കാക്കനാട്ടിലെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് റേഞ്ചോഫിസർ പറഞ്ഞു. സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.