പാലക്കാട്: വാളയാറിൽ ടാക്സി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി വാഹനം മോഷ്ടിച്ച കേസിലെ ആദ്യ രണ്ടു പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 1,70,000 രൂപ വീതം പിഴ വിധിച്ച് ജുവനൈൽ ജസ്റ്റിസ് പ്രിൻസിപ്പൽ കോടതി. ചെന്നൈ സ്വദേശികളെയാണ് ശിക്ഷിച്ചത്.
1992 ഒക്ടോബർ 18നാണ് ടാക്സി ഡ്രൈവറായ ഷൊർണൂർ പൈങ്കുളം സ്വദേശി രാജേന്ദ്ര ബാബുവിനെ നാലുപേർ ചേർന്ന് കൊലപ്പെടുത്തിയത്. വിചാരണവേളയിൽ കൂട്ടുപ്രതികളായ അളകരാജ്, ശേഖർ എന്നിവർ മരിച്ചിരുന്നു. 32 വർഷത്തിനുശേഷമാണ് ജുവനൈൽ ജസ്റ്റിസ് പ്രിൻസിപ്പൽ കോടതിയുടെ വിധി വന്നത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് നമ്പർ 2 കോടതിയിലായിരുന്നു വിചാരണ നടന്നത്.
ഷൊർണൂർ ടാക്സി സ്റ്റാൻഡിൽനിന്ന് കാർ വാടകക്ക് വിളിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ ക്രൈസ് മിഠായി കമ്പനിയുടെ മുൻവശമെത്തിയപ്പോൾ രാജേന്ദ്ര ബാബുവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച് പ്രതികൾ കാർ കവരുകയായിരുന്നു. രാജേന്ദ്രബാബു പിന്നീട് മരിച്ചു. മൂന്നു വർഷത്തിനുശേഷം പ്രതികൾ മറ്റൊരു കേസിൽ അറസ്റ്റിലായപ്പോഴാണ് വാളയാർ കൊലക്കേസിലെ കുറ്റം സമ്മതിച്ചത്.
ആ സമയത്തെ നിയമപ്രകാരം പ്രതികൾ മുതിർന്നവരായിരുന്നെങ്കിലും 2000ത്തിൽ നിലവിൽവന്ന പുതിയ ജുവനൈൽ നിയമപ്രകാരം ആദ്യ രണ്ടു പ്രതികളെ പ്രായപൂർത്തിയായിട്ടില്ലാത്തവരായി കണക്കാക്കി വിചാരണ തുടരുകയായിരുന്നു.
വിചാരണ മുതിർന്നവർക്കുള്ള സെഷൻസ് കോടതിയിൽ തുടർന്ന് വിധി കുട്ടികൾക്കായുള്ള ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വേണമെന്ന അസാധാരണ നടപടികളായിരുന്നു നിയമവിദഗ്ധർ നിർദേശിച്ചത്. അങ്ങനെയാണ് ജൂൺ 20ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് നമ്പർ 2 കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന് ശിക്ഷ പറയാനായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് കേസ് സംബന്ധിച്ച വിവരം കൈമാറി.
കഴിഞ്ഞ ദിവസമാണ് ജുവനൈൽ ജസ്റ്റിസ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ആർ. അനിത ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും വിവിധ വകുപ്പുകളിലായി 1,70,000 രൂപ വീതം പിഴ വിധിച്ചത്. പിഴത്തുക മരിച്ച രാജേന്ദ്രബാബുവിന്റെ കുടുംബത്തിന് നൽകാനും വിധിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.