പാലക്കാട്: പശ്ചിമഘട്ട മലയോരം തുരന്ന് ഭീഷണി ഉയർത്തുന്ന അനധികൃത ക്വാറികളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലെ അഴിമതിക്കെതിരെ ജില്ല വിജിലൻസ് കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശം. മുതലമട, കൊല്ലങ്കോട് മേഖലയിൽ സ്റ്റോപ് മെമോ നൽകിയിട്ടും നിർബാധം പ്രവർത്തിക്കുന്ന ക്വാറികളെ നിയന്ത്രിച്ചില്ലെങ്കിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾക്ക് ജില്ല സാക്ഷിയാകേണ്ടിവരുമെന്ന് പരാതിക്കാരൻ ആരോപിച്ചു. എന്നാൽ, ക്വാറികൾ മേഖലയിൽ പ്രവർത്തിക്കുന്നില്ലെന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതർ വ്യക്തമാക്കിയത് വാഗ്വാദത്തിനിടയാക്കി. ഒടുവിൽ മുതലമടയിലെ അനധികൃത ക്വാറി സംബന്ധമായ പരാതികളില്‍ പൊലീസ്, റവന്യു, ബന്ധപ്പെട്ട പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് സി. ബിജു നിര്‍ദേശിച്ചു.
തമിഴ്നാട്ടിൽനിന്ന് പാസോടുകൂടി മെറ്റലുമായി എത്തുന്ന ടോറസുകൾ അതിർത്തി ഗ്രാമങ്ങളിൽ നിറുത്തിയിട്ട് എം.സാൻഡിന്റെ അനുവദനീയമായതിലും കൂടുതൽ ലോഡാക്കി ജില്ലയിലെ വിവിധ മേഖലകളിലെത്തിച്ച് ജി.എസ്.ടി ഉൾപ്പെടെ വൻതോതിൽ വെട്ടിക്കുന്നെന്ന് വി.പി. നിജാമുദ്ദീൻ പരാതിപ്പെട്ടു. നികുതി വെട്ടിച്ച് അമിതഭാരം കയറ്റി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ എ.ഡി.എം, ജി.എസ്.ടി വകുപ്പിനോട് ആവശ്യപ്പെട്ടു. കണ്ണാടിയിലും പരിസര പ്രദേശങ്ങളിലും നെൽവയലുകൾ അനധികൃതമായി നികത്തുന്നതിൽ അഴിമതിയുണ്ടെന്ന് പൊതുപ്രവർത്തകൻ പ്രജിത്ത് ആരോപിച്ചു.
അണകെട്ടിന്റെ സുരക്ഷയെന്ന കാരണം പറഞ്ഞ് 150ഓളം കുടുംബങ്ങൾക്ക് കെട്ടിട അനുമതി നിഷേധിച്ച മലമ്പുഴ പഞ്ചായത്ത് റിസോർട്ട് ഉടമക്ക് കെട്ടിട നമ്പർ കൊടുത്തതിനെതിരെ പൊതുപ്രവർത്തകനായ റെയ്മണ്ട് ആന്റണി പരാതിപ്പെട്ടു. ജില്ലതലത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തണമെന്ന ആവശ്യമുയര്‍ന്നു. മത്സ്യം, മാംസം, പാലുൽപന്നങ്ങള്, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ കാര്യക്ഷമമായ പരിശോധന വേണമെന്ന ആവശ്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിനോട് നടപടി സ്വീകരിക്കാന്‍ എ.ഡി.എം നിര്‍ദേശിച്ചു. അനധികൃതമായ മണ്ണെടുക്കല്‍, ഭൂമി കൈയേറ്റം, ഫ്ലക്സ് ഉപയോഗം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തത്, ജല്‍ ജീവന് മിഷന് പ്രവൃത്തിക്ക് ശേഷം നന്നാക്കിയ റോഡ് തകര്‍ന്നത്, ഭരണഭാഷ ഉപയോഗിക്കാത്തത് തുടങ്ങിയ പരാതികളും കമ്മിറ്റിക്ക് മുമ്പാകെ വന്നു.
കഴിഞ്ഞ കമ്മിറ്റിയില്‍ 14 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് മറുപടി ലഭിച്ചു. ഇത് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. യോഗത്തിന്റെ മിനുട്സ് രേഖപ്പെടുത്തി ജില്ല വിജിലന്‍സ് കമ്മിറ്റി അംഗങ്ങള്‍ക്ക് നല്കാന് നിര്‍ദേശം നല്കി. വിജിലന്‍സ് ഡിവൈ.എസ്.പി സി.എം. ദേവദാസന്, പൊലീസ് ഇന്‍സ്പെക്ടര്‍മാരായ ഷിജു എബ്രഹാം, അരുണ്‍ പ്രസാദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.