നെന്മാറ: നെന്മാറ ടൗണിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസായി ഉപയോഗിച്ചിരുന്ന അച്യുതമേനോൻ സ്മാരക മന്ദിരത്തിൽനിന്ന് സി.പി.ഐ പ്രവർത്തകരെ പുറത്താക്കി കോൺഗ്രസ് പതാക സ്ഥാപിച്ചു.
വിഭാഗീയതയുടെ പേരിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട നെന്മാറ നിയോജക മണ്ഡലം സി.പി.ഐ മുൻ സെക്രട്ടറി എം.ആർ. നാരായണനും സംഘവുമാണ് സി.പി.ഐ ലോക്കൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും പാർട്ടി പ്രവർത്തകരെയും ഓഫിസിൽനിന്ന് പുറത്താക്കിയത്.
സി.പി.ഐയിൽനിന്ന് തരംതാഴ്ത്തിയതിനെ തുടർന്ന് അടുത്തിടെ എം.ആർ. നാരായണനും സംഘവും സി.പി.ഐയുടെ ലോക്കൽ കമ്മിറ്റി ഓഫിസ് ബോർഡും മറ്റും നീക്കം ചെയ്ത് കെട്ടിടം കൈവശം വെച്ചിരിക്കുകയായിരുന്നു. കുറച്ചു മാസങ്ങളായി സി.പി.ഐ പ്രവർത്തകർ ഈ ഓഫിസിൽ വരികയോ യോഗം ചേരുകയോ ചെയ്തിരുന്നില്ല.
ശനിയാഴ്ച രാവിലെ ബ്രാഞ്ച് സെക്രട്ടറി ആർ. ചന്ദ്രനും സംഘവും ഓഫിസിൽ ഇരിക്കുന്നത് ചോദ്യം ചെയ്ത നാരായണനും സംഘവും ഇവരെ പുറത്താക്കിയത് സംഘർഷാവസ്ഥക്ക് വഴിയൊരുക്കി. വിവരമറിഞ്ഞ് കൂടുതൽ സി.പി.ഐ, കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടി.
സംഘർഷാവസ്ഥയെ തുടർന്ന് പതിനഞ്ചോളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണിവിടെ.
എം.ആർ. നാരായണനും സംഘവും അടുത്തിടെ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനുമായുള്ള ചർച്ചയിൽ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾ സങ്കീർണമായത്. ശനിയാഴ്ച സംഘടിച്ച് എത്തിയ കോൺഗ്രസ് പ്രവർത്തകർ എം.ആർ. നാരായണന്റെ നേതൃത്വത്തിൽ അച്യുതമേനോൻ സ്മാരകത്തിന്റെ മുന്നിലുള്ള കൊടിമരത്തിലും കെട്ടിടത്തിന്റെ മുകളിലും കോൺഗ്രസ് പതാകകെട്ടി.
അച്യുതമേനോൻ സ്മാരകം എം.ആർ. നാരായണന്റെ പേരിലാണ് പഞ്ചായത്ത് ഓഫിസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു.
പാർട്ടി ഓഫിസ് നിൽക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും പഞ്ചായത്ത് കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും ലഭിച്ചത് സംശയാസ്പദമാണെന്നും സി.പി.ഐ ആരോപിച്ചു.
അതിനിടെ കെട്ടിടം പുറമ്പോക്കിലോണോയെന്ന് പരിശോധിച്ച് പാലക്കാട് ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയതായി വില്ലേജ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.