പാലക്കാട്: സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ഉടലെടുത്ത അതൃപ്തിയുടെ കനലണയുംമുേമ്പ യുവനേതാക്കളിലൊരാൾ കൂടി മത്സരരംഗത്തുനിന്ന് പിൻവാങ്ങിയതോടെ പാലക്കാട്ട് വീണ്ടും പ്രതിേരാധത്തിലായി ബി.ജെ.പി. തിരുെനല്ലായി വെസ്റ്റിൽ മത്സരിക്കേണ്ടിയിരുന്ന ബി.ജെ.പി സ്ഥാനാർഥി എം. സുനിലാണ് മത്സരത്തിൽനിന്ന് കഴിഞ്ഞദിവസം പിന്മാറിയത്. പ്രാദേശികതലത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ രണ്ടു തട്ടിലായതോടെയാണ് പിന്മറ്റമെന്നാണ് സൂചന.
ദേശീയ കൗൺസിൽ അംഗം എസ്.ആർ. ബാലസുബ്രഹ്മണ്യന് പിന്നാലെ വാർഡ് 36 തിരുനെല്ലായ് വെസ്റ്റിൽനിന്ന് സുനിലും വിട്ടുനിന്നതോടെ സ്വരച്ചേർച്ചയില്ലായ്മ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജില്ല നേതൃത്വം.
ഇവിടെ പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. വാർഡ് 44ലെ കൗൺസിലറും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്നു സുനിൽ. സംസ്ഥാനത്ത് ബി.ജെ.പി ഭരിച്ച ഏക നഗരസഭ വീണ്ടും പിടിച്ചെടുക്കാനുള്ള പുതിയ ജില്ല അധ്യക്ഷെൻറ പദ്ധതിയിൽ തുടക്കത്തിൽതന്നെ കല്ലുകടിച്ചതിലെ അതൃപ്തിയും ചില പാർട്ടികേന്ദ്രങ്ങൾ മറച്ചുവെക്കുന്നില്ല.
ചിലയിടങ്ങളിൽ സ്ഥാനാർഥിനിർണയത്തെ തുടർന്നുണ്ടായ കോലാഹലങ്ങളിൽ പ്രാദേശിക പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്.
ബാലസുബ്രഹ്മണ്യത്തിെൻറയും സുനിലിെൻറയും പിന്മാറ്റത്തിൽ ബി.ജെ.പി നിലപാടിനെതിരെ മൂത്താൻ സർവിസ് സൊസൈറ്റി നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
നേരത്തെ സ്ഥാനാർഥിപ്പട്ടികയിൽ മുതിർന്നവരെ അവഗണിച്ചെന്ന പരസ്യ പ്രതികരണവുമായി ദേശീയ കൗൺസിൽ അംഗം എസ്.ആർ. ബാലസുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. ദീർഘകാലമായി കൗൺസിലറായ ഇദ്ദേഹം മത്സരിക്കാൻ ആവശ്യപ്പെട്ട 50ാം വാർഡിൽനിന്ന് നേതൃത്വത്തിെൻറ താൽപര്യത്തിൽ 13ാം വാർഡ് പുത്തൂരിലേക്ക് പറിച്ചുനട്ടതാണ് പാർട്ടിയിൽ കലഹത്തിന് വഴിമരുന്നിട്ടത്. ബാലസുബ്രഹ്മണ്യം പിൻമാറിയതിനെ തുടർന്ന് ഇവിടെ ബി.ജെ.പി ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ് സ്ഥാനാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.