പാലക്കാട്: തിരുനെല്ലായ് റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബിയും നഗരസഭയും പരസ്പരം പഴിചാരുമ്പോൾ മരണത്തിന് ഉത്തരവാദി ആര് എന്നത് കണ്ടെത്താൻ അന്വേഷണ ചുമതല കലക്ടർക്ക് നൽകി മനുഷ്യാവകാശ കമീഷൻ. അപകടം നടന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണോ എന്നും അങ്ങനെയാണെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കമീഷൻ നിർദേശം നൽകി. ആറുമാസത്തിനകം അന്വേഷണ റിപ്പോർട്ട് കമീഷന് സമർപ്പിക്കണമെന്നും ഉത്തരവ് പറയുന്നു.
കുനിശ്ശേരി സ്വദേശി സി. അബ്ദുൽ റഹ്മാന്റെ (65) ജീവനാണ് നഷ്ടമായത്. പാലക്കാട് നഗരസഭയിലെ തിരുനെല്ലായ് പാളയം റോഡിലെ കുഴിയിലിറങ്ങി മറിഞ്ഞ സ്കൂട്ടറിൽനിന്ന് അബ്ദു റഹ്മാൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിറകെ ലോഡുമായി വരികയായിരുന്ന ടോറസ് ലോറി കയറിയിറങ്ങിയാണ് മരിച്ചത്. ജല അതോറിറ്റി പൈപ്പ് ലൈനുകൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണാണ് സ്കൂട്ടർ യാത്രികൻ മരിക്കാനിടയായതെന്നാണ് കെ.എസ്.ഇ.ബി റിപ്പോർട്ട്. വീതി കുറഞ്ഞ റോഡിൽ അപകടം ഉണ്ടാക്കുന്ന വിധത്തിലാണ് പവർ കേബിളുകളുടെ കേസിങ് പൈപ്പുകൾ റോഡിന്റെ ഉപരിതലത്തിന് മുകളിലേക്ക് നിൽക്കുന്നത്.
സഞ്ചരിക്കുന്ന സമയത്ത് ഉയർന്നു നിൽക്കുന്ന പൈപ്പുകളിൽ തട്ടാതിരിക്കാൻ വാഹനം പെട്ടെന്ന് വെട്ടിച്ച് മാറ്റിയപ്പോൾ റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് വാട്ടർ അതോറിറ്റി റിപ്പോർട്ട്. മേലാമുറിയിൽ 110 കെ.വി സബ് സ്റ്റേഷൻ നിർമ്മിക്കാൻ നിബന്ധനകളോടെ കെ.എസ്.ഇ.ബിക്ക് കൈമാറിയ റോഡിൽ പൈപ്പ് കുറ്റികൾ സ്ഥാപിച്ച ഭാഗത്താണ് അപകടം നടന്നതെന്ന് നഗരസഭ മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ട് പറയുന്നത്.
വകുപ്പുകൾ പരസ്പരം പഴിചാരുന്ന സാഹചര്യത്തിൽ മറ്റൊരു ഏജൻസിയെ കൊണ്ട് അന്വഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.