പാലക്കാട്: സാമൂഹിക നവോത്ഥാനത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് അനിഷേധ്യമാണെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാന് പാലക്കാട് പൗരവലി ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക ഇന്ത്യയിൽ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് ശക്തി പകരാൻ ജമാഅത്തെ ഇസ്ലാമിക്ക് സാധിക്കും. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സാമൂഹിക അവസ്ഥയിൽ ഇസ്ലാമിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാൻ പുതിയ അമീറിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സംഘ്പരിവാർ വംശീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്ന് പി. മുജീബ്റഹ്മാൻ ആവശ്യപ്പെട്ടു.
ഏക സിവിൽ കോഡ് പോലെയുള്ള വർഗീയ കാർഡുകൾ കാണിച്ച് ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. ഇന്ത്യയെന്നത് ഭാരത് എന്നാക്കുന്നത് കേവലം പേരുമാറ്റത്തിന്റെ പ്രശ്നമല്ല. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന വംശീയ സാമൂഹിക-രാഷ്ട്രീയ ക്രമത്തിന്റെ പ്രഖ്യാപനമാണത്. ഇതിനെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പി. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയർമാൻ പ്രഫ: മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.എം. ഹമീദ്, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, മുൻ മന്ത്രി വി.സി. കബീർ, എൻ.സി.പി ജില്ല പ്രസിഡന്റ് എ. രാമസ്വാമി, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി കെ. ശിവരാജേഷ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ്. അബൂ ഫൈസൽ, സൗഹൃദ വേദി ജനറൽ കൺവീനർ അഡ്വ. മാത്യു തോമസ്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഗിരീഷ് നെച്ചുള്ളി, അഡ്വ. അക്ബർ അലി, വൈ.എം.സി.എ മെമ്പർ എം.പി. മത്തായി, പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ, ആദിവാസി നേതാവ് നീലിപ്പാറ മാരിയപ്പൻ, അംബേദ്കർ ദലിത് സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ശിവരാജ് ഗോവിന്ദാപുരം, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, ജാഫർ പത്തിരിപ്പാല എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം. സുലൈമാൻ സ്വാഗതവും ബഷീർ ഹസൻ നദ് വി നന്ദിയും പറഞ്ഞു. ഷക്കീൽ അഹ്സൻ പ്രാർഥനാ ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.