പൊള്ളാച്ചി: കടുവക്കുട്ടിക്ക് വേട്ടയാടുന്നതിന് പരിശീലന കൂടൊരുക്കി വനംവകുപ്പ്. 10,000 ചതുരശ്ര അടിയിലാണ് കൂട് നിർമിച്ചത്. ആനമല കടുവ സങ്കേതത്തിൽ കടുവക്കുട്ടിക്ക് വേട്ടയാടുന്നതിനാണ് വലിയ കൂട്ടിൽ സംരക്ഷണമൊരുക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാൽപ്പാറക്കടുത്ത് മനാമ്പള്ളി റേഞ്ചിൽ വനത്തിനകത്തുനിന്ന് പുറത്തു വന്ന കടുവയും കുഞ്ഞും ജനവാസമേഖലയിൽ എത്തിയിരുന്നു.
ജനങ്ങൾ വിരട്ടിയോടിക്കുന്ന ശ്രമങ്ങൾക്കിടെ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മക്കടുവ പോയി. നടക്കാൻ സാധിക്കാതെ പ്രയാസപ്പെട്ട കടുവക്കുട്ടിയെ വനം വകുപ്പ് അധികൃതർ പരിശോധിച്ചപ്പോഴാണ് മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച് പരിക്കുകളുമായി കണ്ടത്. ക്ഷീണിതനായി കിടന്ന കടുവക്കുട്ടിയെ വനം വകുപ്പിന്റെ കേന്ദ്രത്തിൽ ചികിത്സക്കെത്തിച്ചു.
തുടർന്ന് ആനമല കടുവ സങ്കേതം ഡയറക്ടർ രാമ സുബ്രമണ്യത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27ന് വാൽപ്പാറ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർ ശേഖർ കുമാർ നീരജ് വാഹനങ്ങളുടെ ശബ്ദം കടുവക്കുട്ടിക്ക് കൂടുതൽ ഭീതിയുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു പ്രദേശത്തേക്ക് മാറ്റാൻ നിർദേശം നൽകി.
ഒന്നര വർഷമായി മാന്നാമ്പള്ളി റേഞ്ചിൽ ജനവാസമില്ലാത്ത പ്രദേശത്ത് ചെറിയ കൂടിനകത്ത് പരിപാലിച്ചു വന്ന കടുവ നിലവിൽ പരിക്കുകൾ മാറി 118 കിലോ തൂക്കമുള്ള ആരോഗ്യസ്ഥിതിയിലെത്തി. എട്ടു മാസത്തിൽ അമ്മക്കടുവയിൽനിന്ന് വേർപിരിഞ്ഞ കുഞ്ഞിന് വേട്ടയാടി മൃഗങ്ങളെ ഭക്ഷിക്കാൻ അറിയാത്തതിനാൽ വനത്തിനകത്ത് വിടാതെ വേട്ടയാടാൻ പരിശീലനത്തിനു കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് 1000 ചതുരശ്ര അടിയിൽ വലിയ കൂട് നിർമിച്ച് അതിൽ വിടാൻ വനം വകുപ്പ് തീരുമാനിച്ചത്. തമിഴ്നാട്ടിൽ ആദ്യമായാണ് വനം വകുപ്പ് കടുവക്ക് വേട്ടയാടുന്നതിനുള്ള പരിശീലനക്കൂടൊരുക്കിയത്.
ലക്ഷങ്ങൾ ചെലവഴിച്ച് ഉറപ്പുള്ള വലിയ കൂട് നിർമിച്ച വനം വകുപ്പ് കൂടിന് ചുറ്റും സി.സി.ടി.വി കാമറകൾ സജ്ജമാക്കിയ ശേഷമാണ് അകത്തുവിട്ടത്. തുടക്കത്തിൽ മുയൽ, കാട്ടുപന്നി എന്നിവയെയാണ് കൂടിനകത്ത് വിട്ട് കടുവക്ക് വേട്ടയാടി പിടികൂടി ഭക്ഷിക്കുന്നതിന് പരിശീലനം നൽകിയത്.
വനം അധികൃതരുടെ നിയന്ത്രണത്തിലുള്ള കൂടിനകത്ത് വേട്ടയാടുന്നതിന് പൂർണമായും പരിശീലനം ലഭിച്ചു കഴിഞ്ഞെന്ന് ബോധ്യമായാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആനമല കടുവ സങ്കേതത്തിലെ വനം ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.