പാലക്കാട്: അമിതഭാരം കയറ്റി വീതി കുറഞ്ഞ റോഡിലൂടെ ചീറിപ്പായുന്ന ലോറികൾ ഭീതി സൃഷ്ടിക്കുന്നെന്ന പരാതി വ്യാപകം. ഭാര-വേഗ നിയമങ്ങൾ മറികടന്ന് ചീറിപ്പായുന്ന ടിപ്പർ ലോറികളും മറ്റ് ഭാരവാഹനങ്ങളും ഇടവേളയ്ക്ക് ശേഷം ദേശീയപാതയുൾപ്പെടെയുള്ള നിരത്തുകളിൽ മറ്റ് വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും വെല്ലുവിളിയാകുകയാണ്.
ജില്ലയിൽ ചെറുതും വലുതുമായ 150ഓളം ക്രഷർ, ക്വാറി യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. മലയോരമേഖലകളിൽ പ്രവർത്തിക്കുന്ന ക്രഷർ, ക്വാറി യൂനിറ്റുകളിൽ നിന്ന് ദൂര സ്ഥലങ്ങളിലേക്ക് അമിത ഭാരവുമായി ലോറികൾ പോകുന്ന പാതകൾ തകർന്ന് തരിപ്പണമാകുകയാണ്.
ഓരാ വാഹനത്തിലും കയറ്റാവുന്നതിലുമെത്രയോ ഏറെയാണ് വലിയ ലോറികളിൽ കയറ്റുന്നത്. 35, 28, 18.5 ടണ്ണാണ് യഥാക്രമം 12, പത്ത്, ആറ് ചക്രമുള്ള ലോറിയിൽ വാഹനഭാരം ഉൾപ്പെടെ പരമാവധി കയറ്റാൻ അനുമതി. വെള്ളം ചേർത്ത പാറമണൽ നിറച്ച 12 ചക്രമുള്ള ലോറികളുടെ ഭാരം 50 ടണ്ണിന് മേലെ വരും.
അമിത വേഗതയും, എയർഹോണും പതിവാണ്. രാത്രിസമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതൽ. വേഗപ്പൂട്ടിന് മാത്രമായി പരിശോധനയില്ല.
ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഇതേ വാഹനങ്ങൾ വീണ്ടും ഇതേ നിയമലംഘനത്തിന് പിടിക്കപ്പെടാറുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നു. വേഗപ്പൂട്ട് ഘടിപ്പിച്ചാൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടാനാവില്ല.
10 ടണ്ണിന് കൂടുതൽ ഭാരവുമായി ആറ് മീറ്റർ വരെ വീതിയുള്ള പാതയിലൂടെ പോകാൻ അനുമതിയില്ല. ക്വാറി, ക്രഷർ എന്നിവ പ്രവർത്തിക്കുന്നത് പഞ്ചായത്തുകളിലെ മലയോര മേഖലകളിലാണ്. ചെറിയ റോഡുകളിലൂടെ അമിത ഭാരവുമായി പോകുന്ന ലോറികളെ പഞ്ചായത്തിന് നിരോധിക്കാം. എന്നാൽ, മിക്ക പഞ്ചായത്തുകളും നടപടിയെടുക്കാറില്ല.
അമിതഭാരം കയറ്റുന്ന ഇത്തരം വാഹനങ്ങളുടെ ബോഡി നിർമാണത്തിൽ വ്യക്തമായ ചട്ടങ്ങളുമില്ല. ഇത്തരം വാഹനങ്ങളുടെ ഉയരം പരമാവധി 3.8 മീറ്ററിൽ അധികമാകാൻ പാടില്ല. എന്നാൽ, പലരും പരമാവധി ഉയരത്തിൽ ബോഡി നിർമിച്ച് അമിതഭാരം കയറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.