പാലക്കാട്: പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടിയത് പൊള്ളാച്ചി വരെ നീട്ടണമെന്ന ആവശ്യം അവഗണിച്ച്. പൊള്ളാച്ചിവരെ നീട്ടണമെന്ന യാത്രക്കാരുടെയും പാലക്കാട്ടുകാരുടെ ആവശ്യത്തെയും അവഗണിച്ചാണ് തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ സമർദ്ദത്തെ തുടർന്ന് തൂത്തുകുടിയിലേക്ക് നീട്ടുന്നത്. നിലവിൽ പാലക്കാട്-തിരുനെൽവേലി റൂട്ടിലാണ് ഈ ട്രെയിൻ സർവിസ് നടത്തുന്നത്.
ഉച്ചക്ക് 12ന് പാലക്കാട് എത്തുന്ന ട്രെയിൻ വൈകീട്ട് 4.05നാണ് പാലക്കാട്ടുനിന്ന് തിരികെ പോകുന്നത്. ഇത്രയും സമയം പാലക്കാട് കിടക്കുന്ന ട്രെയിൻ പൊള്ളാച്ചി വരെ നീട്ടണമെന്ന് ദീർഘകാലത്തെ ആവശ്യമാണ്. മാത്രമല്ല പാലക്കാട് അഞ്ചാമത്തെ ട്രാക്കിലാണ് ഈ നിർത്തിയിടുന്നത്. ഇത്രയും സമയം നിർത്തിയിടുന്നതിനാൽ ഈ പ്ലാറ്റ്ഫോം മറ്റു വണ്ടികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്.
ഇതിനു പരിഹാരമായി പൊള്ളാച്ചിവരെ നീട്ടിയാൽ യാത്രക്ലേശത്തിനും ഒപ്പം പ്ലാറ്റ്ഫോമിലെ സങ്കേതിക പ്രശ്നത്തിനും പരിഹാരമാവും. പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ ലൈൻമാറ്റത്തിനുശേഷം ഈ റൂട്ടിൽ പകൽ സമയത്ത് ട്രെയിനുകളില്ല. രാവിലെ ആറിന് പുറപ്പെടുന്ന പാലക്കാട്-തിരുചെന്തൂർ കഴിഞ്ഞാൽ വൈകീട്ട് നാലിനുള്ള പാലക്കാട്-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ മാത്രമാണുള്ളത്.
പാലക്കാട് കഴിഞ്ഞാൽ പൊള്ളാച്ചി മാത്രമാണ് ഇതിന് സ്റ്റോപ്പുള്ളത്. പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ് ഇല്ലാത്തതിനാൽ ഹ്രസ്വദൂര യാത്രകാർക്ക് ഈ ട്രെയിൻ ഉപകാരപ്രദമല്ല. പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കു നീട്ടുന്നതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15ന് വൈകീട്ട് 3.45ന് പാലക്കാട് ജങ്ഷനിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.