പാലക്കാട്: രാത്രി എട്ട് കഴിഞ്ഞാൽ നഗരത്തിൽ നിന്ന് ഗ്രാമീണമേഖലകളിലേക്ക് ബസ് സർവിസില്ലെന്നത് സാധാരണക്കാരെ വലക്കുന്നു. അനുദിനമുള്ള ഇന്ധന വില വർധനയിൽ പൊറുതിമുട്ടിയ ഇടത്തര, സാധാരണ വിഭാഗങ്ങൾ യാത്രക്കായി ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ, ബസ് സർവിസുകൾ മുഴുവനും പുനഃസ്ഥാപിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നുണ്ട്.
ഓണം അടുത്തതോടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും രാത്രി 8.30 കഴിയാതെ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാൽ ഇവരിൽ പലരും രാത്രിയിൽ വീട് എത്താൻ ഏറെ പ്രയാസപ്പെടുകയാണ്. രാത്രി എട്ട് കഴിഞ്ഞാൽ ഗ്രാമീണ മേഖലയിലേക്ക് ബസ് സർവിസ് ഇല്ല. കോവിഡിന് മുമ്പ് രാത്രി 9.30ന് പോലും നഗരത്തിൽ പലയിടത്തേക്കും ബസുകൾ ലഭ്യമായിരുന്നു. യാത്രക്കാർ ഏറെയുള്ള പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗങ്ങളിലേക്ക് രാത്രി ഒമ്പത് കഴിഞ്ഞാൽ ബസില്ല.
പാലക്കാട്-ഗുരുവായൂർ റൂട്ടിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയാൽ ഒരു പരിധിവരെ ഇതുവഴിയുള്ള യാത്രപ്രതിസന്ധി പരിഹരിക്കാൻ കഴിയും. പാലക്കാട്-പെരിന്തൽമണ്ണ-കോഴിക്കോട് സർവിസുകൾ ഇടവിട്ട് ചെർപ്പുളശ്ശേരി, തൂത വഴി സർവിസ് നടത്തിയാൽ ഇതുവഴിയുള്ള പ്രതിസന്ധിക്കും പരിഹാരമാവും. ഇത്തരം നിർദേശങ്ങൾ വിവിധ സംഘടനകളും പാസഞ്ചർ അസോസിയേഷനുകളും സമർപ്പിച്ചിട്ടുണ്ടെങ്കിലും അവ എങ്ങുമെത്തിയില്ലെന്ന് പരാതിയുണ്ട്.
പാലക്കാട്: ഓണത്തിരക്ക് കുറക്കാൻ കെ.എസ്.ആർ.ടി.സി ജില്ലയിൽ വിവിധ സ്ഥലങ്ങളിലേക്ക് സ്പെഷൽ സർവിസ് നടത്തും. സെപ്റ്റംബർ 12ന് പാല, ചെങ്ങന്നൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് രണ്ട് വീതവും കോഴിക്കോട്ടേക്ക് മൂന്നും സർവിസ് നടത്തും. 13ന് കോഴിക്കോട്ടേക്ക് നാല്, കോയമ്പത്തൂരിലേക്ക് ഒന്ന്, തൃശൂരിലേക്ക് അഞ്ച് സർവിസുകളും നടത്തും.14ന് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് നാല് വീതവും കോയമ്പത്തൂരിലേക്ക് ഒന്നും സർവിസും നടത്തും. ഇതിനുപുറമെ 13,14,15 തീയതികളിൽ ബംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്കും 16,17,18 തീയതികളിൽ പാലക്കാട്ടുനിന്ന് ബംഗളൂരുവിലേക്കും ഓരോ സർവിസും നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ബംഗളൂരു-പാലക്കാട് ബസിലെ എല്ലാ സീറ്റും ബുക്കിങ് കഴിഞ്ഞു. ഇതുകൂടാതെ ബംഗളൂരുവിൽ നിന്ന് ഇതര ജില്ലകളിലേക്കും തിരികെ ബംഗളൂരുവിലേക്കും പാലക്കാട് വഴി സ്പെഷൽ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.