ചിറ്റൂർ: നടുറോഡിൽ വീട്ടമ്മയെ ഭർത്താവ് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിൽ എത്തിയത് സംശയരോഗം. വിവാഹം കഴിഞ്ഞതു മുതൽ ഊർമിളയെ കടുത്ത സംശയമായിരുന്നു സജീഷിന്. ഊർമിള ആദ്യ വിവാഹബന്ധം വേർപ്പെട്ടതിനെ തുടർന്ന് 2019ലാണ് സജീഷിനെ വിവാഹം കഴിക്കുന്നത്. കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ പത്തുമാസമായി ഭർത്താവുമായി അകന്ന് മാണിക്കത്ത്ക്കളത്തിലെ കുടുംബ വീട്ടിലാണ് ഊർമിള താമസിക്കുന്നത്. അകന്ന് കഴിയുമ്പോഴും സംശയം മൂലം നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിന്റെ പേരിൽ മേയ് മാസം 18ന് ഊർമിളയെ സജീഷ് വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇതിൽ റിമാൻഡ് കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിലുള്ള വൈരാഗ്യവും സംശയവും കാരണം കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയത്. ചിറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുമായി തെളിവെടുപ്പ് നടത്താനായി സ്റ്റേഷനിൽ നിന്നും കൊണ്ടുപോയെങ്കിലും നടത്താതെ തിരികെ കൊണ്ടുവന്നു. അതേസമയം, അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് വടി സജീഷ് പാടത്ത് തന്നെ ഉപേക്ഷിച്ചിരുന്നു. ഇത് പിന്നീട് ഫോറൻസിക് വിദഗ്ധർ പുറത്തെടുത്തു. കൊഴിഞ്ഞാമ്പാറയിലും കൊലപാതകം നടന്ന സ്ഥലത്തും ബുധനാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇറച്ചി കടകളിൽ നിന്നും മാംസാവശിഷ്ഠങ്ങൾ ശേഖരിച്ച് മീൻ വളർത്തുന്നവർക്ക് എത്തിച്ചു കൊടുക്കന്നതാണ് സജീഷിന്റെ ജോലി.
ചിറ്റൂർ: കൊലക്കേസ് പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത് ബൈക്കിൽ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ കൊഴിഞ്ഞാമ്പാറയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ബൈക്കിൽ രണ്ട് പൊലീസുകാരുടെ നടുവിലിരുത്തിയാണ്. രാവിലെ ഏഴോടെ കമ്പിളിച്ചുങ്കത്ത് നടന്ന കൊലപാതകത്തിനു ശേഷം കൊഴിഞ്ഞാമ്പാറ പുത്തൻപാതയിലെ വീട്ടിലേക്കാണ് പ്രതി പോയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയും ഉണ്ടാവാനിടയുള്ള സ്ഥലവുമെല്ലാം അറിഞ്ഞിട്ടും 11 മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി വീട്ടിൽ തന്നെയുണ്ടെന്ന് അറിഞ്ഞിട്ടും കേസന്വേഷിക്കുന്ന ചിറ്റൂർ സ്റ്റേഷനിലെ സി.ഐയോ എസ്.ഐയോ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോകുന്നതിനു പകരം രണ്ട് സിവിൽ പൊലീസ് ഓഫിസർമാരെ ബൈക്കിൽ പറഞ്ഞുവിട്ടത് പൊലീസുകാർക്കിടയിൽ തന്നെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.