വടക്കഞ്ചേരി: നിലം പൊത്താറായ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഭീതിയോടെ യാത്രക്കാരും വിദ്യാർഥികളും. വടക്കഞ്ചേരി നഗര ഹൃദയത്തിലെ സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പ് വർഷങ്ങളുടെ പഴക്കം കൊണ്ട് ദ്രവിച്ച് ചോർച്ചയും വിള്ളലും മൂലം അപകട ഭീഷണിയിലാണ്. ചെറുപുഷ്പം സ്കൂളിന് മുന്നിലെ തൃശൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പാണിത്. വടക്കഞ്ചേരി പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ഇത് നന്നാക്കാനോ പുതുക്കിപ്പണിയാനോ ശ്രമിക്കുന്നില്ല. ബലക്ഷയം മൂലം കെട്ടിടം ദുർബലാവസ്ഥയിലാണ്. അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ പെയിന്റടിച്ച് നടത്തുന്ന അറ്റകുറ്റപ്പണി മാത്രമാണ് ഏക ആശ്വാസം. പ്രധാന സ്ലാബിലെ വിള്ളലിന് പുറമെ സ്ലാബും പില്ലറും തമ്മിലെ ബന്ധം വേർപെട്ട നിലയിലാണ്. ചോർച്ച ഉണ്ടായതോടെ മഴയത്ത് കുട പിടിച്ചുനിൽക്കേണ്ട സ്ഥിതിയാണ്. ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാണ് വിദ്യാർഥികളുടെയും യാത്രക്കാരുടെയും ആവശ്യം.
രാവിലെയും വൈകുന്നേരവും വടക്കഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിനേക്കാൾ കൂടുതൽ യാത്രക്കാർ വന്നുപോകുന്ന ഇടമാണിത്. ജനപ്രതിനിധികൾ തയാറാകുന്നില്ലെങ്കിൽ വടക്കഞ്ചേരി പഞ്ചായത്തെങ്കിലും മുൻകൈയെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.