വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത തകർന്നതോടെ യാത്ര ദുസ്സഹമാവുന്നു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. താൽക്കാലിക കുഴിയടക്കൽ നടത്തിയ പാത മഴക്കാലം തുടങ്ങിയതോടെ തീർത്തും തകർന്നു. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പാലക്കാട് ചുരത്തിന്റെ തെക്കുഭാഗത്തെ പ്രധാന റോഡാണിത്. പഴണി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള വഴികൂടിയാണ് ഈ പാത.
നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 45 കിലോമീറ്റർ ദൂരം വരുന്ന ഈ പാതയെ 2007ൽ സംസ്ഥാന പാതയായി ഉയർത്തിയെങ്കിലും 2010 ലാണ് ഫണ്ട് അപര്യാപ്തതയെ ടാർ ചെയ്ത് വീതി കൂട്ടി രണ്ടു വരിപ്പാതയായി താൽക്കാലികമായി പുതുക്കിപ്പണിതത്. എന്നാൽ അടുത്തിടെ ദേശീയ പാതയാക്കി പ്രഖ്യാപനം നടത്തിയെങ്കിലും മറ്റൊന്നും നടന്നിട്ടില്ല. പ്രധാന പട്ടണങ്ങളായ വടക്കഞ്ചേരി, മുടപ്പല്ലൂർ, ചിറ്റിലഞ്ചേരി, നെന്മാറ, വല്ലങ്ങി, കൊല്ലങ്കോട് വഴി തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരം വഴി പൊള്ളാച്ചിയിൽ എത്തിച്ചേരുന്നതാണ് ഈ പാത. സംസ്ഥാന അതിർത്തിക്കപ്പുറം ഈ പാത തമിഴ്നാട്ടിൽ ദേശീയപാത നിലവാരത്തിൽ നാലു വരിയായി മികച്ച രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
പാതയിലെ പ്രധാന പാലമായ മംഗലംപാലം അടുത്തിടെ പുതുക്കി പണിതെങ്കിലും നെന്മാറ, എലവഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സീതാർകുണ്ടിൽ നിന്ന് ആരംഭിക്കുന്ന ക്ഷമതി പുഴയ്ക്ക് കുറുകെയുള്ള വീതി കുറഞ്ഞ കുമ്പളക്കോട് പാലം കൂടി പുനർ നിർമാണം നടത്തിയാൽ മാത്രമേ യാത്രദുരിതം അവസാനിക്കൂ.
കാത്താപൊറ്റ, ചിറ്റിലംചേരി, കടംബിടി, മുടപ്പല്ലൂർ, കരിപ്പാലി, ഗോമതി, ജപമാലറാണി പള്ളി ആയിനംപാടം, വിത്തനശ്ശേരി, കുംബളക്കോട് പാലം, കരിങ്കുളം, വട്ടേക്കാട്, കൊവിലകമൊക്ക്, ചുള്ളിയാർമേട് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിരം വളവുകളുടെ വീതി കൂട്ടി കയറ്റങ്ങൾ കുറച്ച് ഭാര വാഹനങ്ങൾക്ക് ആയാസരഹിതമായി പോകാവുന്ന വിധത്തിൽ നിർമിക്കണം. ഡിവൈഡർ വച്ച് വളവ് അപകടരഹിതമാക്കുകയും വേണം.
ഈ പാതയിലെ പാലങ്ങളുടെ ഭാരപരിധി ഇരുപത് ടണ്ണിൽ താഴെ മാത്രമേയുള്ളൂവെങ്കിലും അതിൽ കൂടുതൽ ഭാരം കയറ്റിയ സിമന്റ്, കമ്പി, കരിങ്കല്ല് ലോറികളുടെ യാത്ര നിത്യ കാഴ്ചയാണ്. പറമ്പിക്കുളം വന്യ ജീവി കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയും ഈ മാർഗം തന്നെയാണ്. നെന്മാറ വല്ലങ്ങി പട്ടണ തിരക്ക് ഒഴിവാക്കാൻ നെന്മാറ ബൈപാസിന് 20 കോടി രൂപ ബജറ്റിൽ അനുവദിച്ചെങ്കിലും അലൈമെന്റ് സ്ഥലമേറ്റെടുക്കൽ എന്നിവ പ്രാരംഭചർച്ചയിലേ എത്തിയിട്ടുള്ളൂ. ആലത്തൂർ നിയമസഭാ മണ്ഡലത്തിലെ മേലാർകോഡ് പഞ്ചായത്തിലെ ചിറ്റിലംചേരിയിൽ സംസ്ഥാന പാതയിലെ തിരക്ക് ഒഴിവാക്കാൻ കാത്താം പൊറ്റയ്ക്കും കടംബിടിയ്ക്കുമിടയിൽ ബൈപാസ് എന്നത് ഏറെ കാലത്തെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.