വടക്കഞ്ചേരി: ഷിലൂർ അപകടം മുന്നറിയിപ്പായി കണ്ട് മണ്ണുത്തി-വടക്കഞ്ചേരി ആറുവരിദേശീയ പാതയോരത്തെ പാറക്കെട്ടുകളും മൺതിട്ടകളും സുരക്ഷിതമാക്കണമെന്ന് യാത്രക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ കുതിരാൻ, ഇരട്ടക്കുളം എന്നിവടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മഴയിൽ കുതിർന്ന മൺതിട്ടകൾ ഏതു സമയവും അടർന്നു വീഴാവുന്ന നിലയിലാണ്.
ഇരട്ടക്കുളം ചീകോട്, തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം, ശങ്കരംകണ്ണൻതോട്, മേരിഗിരി, വാണിയമ്പാറ, കൊമ്പഴ, കുതിരാൻ, വഴുക്കുംപാറ എന്നിവിടങ്ങളിൽ പാറക്കെട്ടുകളും മൺതിട്ടകളും ഏതു സമയത്തും ഇടിയാവുന്ന സ്ഥിതിയിലാണ്.
ദേശീയപാത വികസന സമയത്ത് അശാസ്ത്രീയമായ രീതിയിൽ പാറകൾ പൊട്ടിക്കുകയും മൺതിട്ടകൾ വെട്ടിയെടുക്കുകയും ചെയ്യുമ്പോൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. 2018 ലെ മഴക്കാലത്ത് കുതിരാനിലെ മൺതിട്ട ഇടിഞ്ഞ് കാറിന് മുകളിൽ വീണ് കാർ യാത്രക്കാരൻ മരിച്ചിരുന്നു.
ദേശീയപാത കരാർ കമ്പനിയുടെ നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണം നിലനിൽക്കുന്നതിനാൽ ജിയോളജി വകുപ്പിലെ വിദഗ്ധരെ ഉൾപ്പെടുത്തി സ്ഥലം പരിശോധിക്കണമെന്ന് വടക്കഞ്ചേരി ജനകീയ വേദി നേതാക്കളായ ബോബൻ ജോർജും, സുരേഷ് വേലായുധനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.