വടക്കഞ്ചേരി: കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കി നാലുവർഷമായെങ്കിലും നിർമാർജനം ഫലപ്രദമായി നടപ്പായില്ല. മലയോരത്തും നാട്ടിൻപുറങ്ങളിലുമെല്ലാം കാട്ടുപന്നികൾ വിഹരിക്കുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിക്കാത്തതിനാൽ സഹികെട്ട അവസ്ഥയിലാണ് കർഷകർ.
വെടിവെച്ചു കൊല്ലുന്നതിനുള്ള വനംവകുപ്പ് അധികൃതരുടെ നിബന്ധനകളും നിയമങ്ങളുമാണ് കാട്ടുപന്നി നിർമാർജനം ഫലപ്രദമാകാത്തതിന് കാരണമെന്ന് കർഷകർ പറയുന്നു. ഗർഭിണിയായതിനെയും കുട്ടികളുള്ളവയെയും വെടിവെക്കരുത്, കൃഷിയിടത്തിൽ നിന്ന് മാത്രം വെടിവെക്കണം, വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യം തുടങ്ങിയ നിബന്ധനകൾ പന്നികളെ സംരക്ഷിക്കാനുള്ളതാണെന്നാണ് കർഷകരുടെ ആക്ഷേപം.
കാട്ടുപന്നികളുടെ ആക്രമണത്തിൽ മരണങ്ങളും നിരവധി പേർക്ക് അംഗവൈകല്ല്യങ്ങളും ഉണ്ടായതിനെ തുടർന്ന് പ്രക്ഷോഭങ്ങൾക്കൊടുവിലാണ് 2020ലാണ് വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയത്. ലൈസൻസ് ഉള്ള തോക്ക് ഉടമകൾക്ക് തിരയും ഷൂട്ടർമാർക്ക് നൽകാൻ ഫണ്ടില്ലെന്നതടക്കം കാര്യങ്ങൾ ചൂണ്ടികാട്ടി ഒരു വർഷത്തിന് ശേഷം പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി വനംവകുപ്പ് കൈയൊഴിഞ്ഞു. എന്നാൽ പഞ്ചായത്തുകൾ ലൈസൻസുള്ള ഷൂട്ടർമാരുടെ പാനൽ തയാറാക്കുന്നില്ല. അതത് ഡി.എഫ്.ഒമാരാണ് പാനൽ തയാറാക്കുന്നത്.
55 വയസ്സിൽ താഴെ പ്രായമുള്ള ലൈസൻസ് ഉള്ള ഷൂട്ടർമാർ നാമമാത്രമാണുള്ളത്. ഇവർക്ക് രാത്രി വെടിവെക്കാനുള്ള കാഴ്ച, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നൂറുനൂറ് പ്രശ്നങ്ങളാണുള്ളത്. മൂന്നും നാലും പഞ്ചായത്തുകൾക്കായി ഒന്നോ രണ്ടോ ഷൂട്ടർമാർ മാത്രമാണുള്ളത്.
ഷൂട്ടർമാർക്കുള്ള തോട്ടയും, യാത്രാ ചെലവും പഞ്ചായത്തുകൾ നൽകുമെന്ന് വനം വകുപ്പ് പറഞ്ഞെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ കൈയൊഴിഞ്ഞു. ഇതോടെ പന്നികളെ കൊല്ലാൻ കർഷകർ സ്വന്തം കീശയിൽ നിന്ന് പണം മുടക്കി ഷൂട്ടർമാരെ കൊണ്ടുവരേണ്ട സ്ഥിതിയാണ്.
ചിലപ്പോൾ അടുത്ത പഞ്ചായത്തിൽ നിന്നും ആളെ കൊണ്ടുവരേണ്ടി വരും. ചെലവ് ആലോചിച്ച് പല കർഷകരും ഷൂട്ടർമാരുടെ സേവനം തേടാതെ കാവലിരുന്നും വരമ്പുകളിൽ കമ്പികൾ വലിച്ചുകെട്ടിയും മറ്റുമൊക്കെയാണ് പന്നികളെ അകറ്റുന്നത്. വെടിവെച്ചുകൊന്ന കാട്ടുപന്നിയുടെ മാംസം ഉപയോഗിക്കരുത്, വനം വകുപ്പ് നിഷ്കർഷിച്ച വിധം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടണം തുടങ്ങിയ നിബന്ധനകളുമുണ്ട്. കുഴിച്ചുമൂടാനുള്ള ചെലവ് കർഷകൻ വഹിക്കണം.
ഒരു പന്നിയെ കുഴിയെടുത്ത് കുഴിച്ചുമൂടാൻ കർഷകന് ആയിരത്തിലേറെ രൂപ ചെലവ് വരും. വെടിവെച്ചുകൊന്ന പന്നിയുടെ മാംസം വനം വകുപ്പ് തൂക്കം കണക്കാക്കി വിറ്റാൽ സർക്കാറിന് വരുമാനമാകുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ഷൂട്ടർമാർ എത്തിയാലും നിബന്ധനകൾ പാലിച്ച് വെടിവെക്കാൻ കിട്ടണമെന്നില്ല. ശ്വാസകോശത്തിലോ ഹൃദയത്തിലോ തലച്ചോറിലോ വെടിയേറ്റാൽ മാത്രമേ പന്നി കൃഷിയിടത്തിൽ നീണ് ചാവുകയുള്ളൂ.
കാട്ടുപന്നി ശല്ല്യം മൂലം ഇരുചക്ര യാത്രികർ പ്രയാസത്തിലാണ്. കിഴങ്ങടക്കം കാർഷിക വിളകൾക്കും ഇവ ഭീഷണിയാണ്. പഞ്ചായത്തിനെ ഏൽപിച്ച ശേഷം എത്ര കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നതിന്റെ കണക്ക് പഞ്ചായത്തിലും വനം വകുപ്പിന്റെ കൈയിലും ഇല്ല.
2021ൽ വനം വകുപ്പ് വെടിവെച്ചു കൊന്നവയുടെ കണക്കു മാത്രമേ ഇപ്പോഴും അധികൃതരുടെ കൈയിലുള്ളൂ. ഛത്തീസ്ഗഡ് ഉൾപ്പെടെ സംസ്ഥാനങ്ങൾ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് എലി, പെരുച്ചാഴി എന്നിവയെ പോലെ ഏതു രീതിയിലും കൊല്ലാൻ അനുമതി നൽകിയ കാലത്താണ് കേരളത്തിലെ നിബന്ധനകളെന്ന് കർഷകർ പറയുന്നു. കർഷകർക്ക് പുതിയ തോക്ക് ലൈസൻസ് നൽകുകയും, നിലവിലുള്ള ലൈസൻസ് പുതുക്കി നൽകുകയും ചെയ്താൽ ഷൂട്ടർമാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.