പാലക്കാട്: ഭക്ഷ്യവസ്തുക്കൾക്കെല്ലാം വില കുതിച്ചുകയറിയതോടെ അടുക്കള പുകയണമെങ്കിൽ കീശ കാലിയാക്കേണ്ട അവസ്ഥയിലാണ് പൊതുജനം. പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീൻ തുടങ്ങിയ എല്ലാ അവശ്യസാധനങ്ങൾക്കും വില കുതിച്ചുകയറുകയാണ്. വരുമാനവും ദൈനംദിന ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ സാധാരണക്കാർ പാടുപെടുന്നു. 20 മുതൽ 50 രൂപയുടെ വരെ ഇടയിൽ നിന്നിരുന്ന പച്ചക്കറികളിൽ പലതിന്റെയും വില സെഞ്ചുറിയും കടന്നുകുതിക്കുകയാണ്. വെളുത്തുള്ളിയും ഇഞ്ചിയുമാണ് ആഴ്ചകളായി 100ന് മുകളിലെത്തി നിൽക്കുന്നത്. ഒരു കിലോ വെളുത്തുള്ളിയുടെ വില പലയിടത്തും 350 വരെയെത്തി. ഇഞ്ചിയുടെ വിലയും 100ന് മുകളിലാണ്. വെണ്ട, വഴുതനങ്ങ, ബീൻസ്, പച്ചമുളക് എന്നിവക്കും മുമ്പുണ്ടായിരുന്നതിനെക്കാൾ ഇരട്ടി വിലയായി. പച്ചമുളകിന് 50 മുതൽ 60 വരെ നൽകണം.
കോഴി ഇറച്ചിക്ക് 190 മുതൽ 200 വരെ വിലയെത്തിയിരുന്നതു കഴിഞ്ഞദിവസങ്ങളിൽ അൽപം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന്റെ ലക്ഷണമാണ് വിപണിയിൽ. ബീഫിനും വില മുമ്പത്തെക്കാളും വർധിച്ചു. 320 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ബീഫിന് ഇപ്പോൾ 340 വരെയാണ് കച്ചവടം നടക്കുന്നത്.
പച്ചക്കറികൾക്കൊപ്പം മീനിനും വില കയറി. ആളുകൾ കൂടുതലായി വാങ്ങിയിരുന്ന അയല, മത്തി തുടങ്ങിയവക്ക് 200 രൂപ വരെയെത്തിയിരുന്നു. ഇപ്പോഴും 120 മുതലാണ് മത്തിയുടെ വിപണിയിലെ വില. കഴിഞ്ഞദിവസങ്ങളിൽ 150 രൂപക്ക് മുകളിലായിരുന്നു അയലയുടെ വിൽപന.
കോഴിയിറച്ചിക്കും ബീഫിനും വില കൂടിയതോടെ ചില ഹോട്ടലുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. മീൻ വിഭവങ്ങൾക്കും സമാനമായ രീതിയിൽ വില വർധയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.