പാലക്കാട്: രാവിലെ കൃത്യസമയത്ത് വീട്ടുമുറ്റത്ത് വണ്ടിയെത്തും, കയറിയിരുന്നാൽ ബെല്ലടിക്കുന്നതിനുമുമ്പ് സ്കൂളിലെത്തിക്കും. വൈകീട്ട് കുട്ടികളെ യഥാസമയം വീടുകളിലുമെത്തിക്കും. യാത്രാപ്രയാസം നേരിടുന്ന ഗോത്രമേഖലകളിൽ വാഹനമില്ലാത്തതിനാൽ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങരുതെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘വിദ്യാവാഹിനി പദ്ധതി’ അട്ടപ്പാടിയിൽ ഉഷാറാണ്. ഇതോടെ സ്കൂളിൽ പോകാൻ കുട്ടികൾക്കും സന്തോഷം. അട്ടപ്പാടിയിലെ 24 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ രണ്ടായിരത്തോളം വിദ്യാർഥികളാണ് ‘വിദ്യാവാഹിനി’യെ ആശ്രയിക്കുന്നത്. ആദിവാസി വിഭാഗത്തിലുള്ള വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ‘ഗോത്രസാരഥി’ എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയാണ് കഴിഞ്ഞവർഷം മുതൽ ‘വിദ്യാവാഹിനി’യായത്. ഐ.ടി.ഡി.പി നേതൃത്വത്തിൽ നടത്തിയിരുന്ന പദ്ധതി പേര് മാറ്റത്തിനൊപ്പം ട്രൈബൽ വകുപ്പിനെ ഏൽപിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഐ.ടി.ഡി.പിയുടെ കീഴിലായി.
അഗളി, പുതൂർ, ഷോളയൂർ ഗ്രാമപഞ്ചായത്തുകളിലെ ഊരുകളിലെ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പദ്ധതി ആശ്വാസമാണ്. ഓട്ടോറിക്ഷ, ജീപ്പ്, ട്രാവലർ എന്നിങ്ങനെ 121 വാഹനങ്ങളാണ് നിലവിൽ വിദ്യാവാഹിനിക്കു കീഴിൽ ഓടുന്നത്. ഓട്ടോക്ക് മിനിമം ചാർജ് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്. ജീപ്പിന് ആദ്യ അഞ്ചു കിലോമീറ്ററിന് 225 രൂപയും അധികം കിലോമീറ്ററുകൾക്ക് 20 രൂപ വീതവുമാണ് നിരക്ക്. സർക്കാർ നിശ്ചയിച്ച തുകയാണ് നൽകുന്നത്. കുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ഒറ്റത്തവണയാണ് പ്രീമിയം. കഴിഞ്ഞവർഷം 2084 കുട്ടികൾ വിദ്യാവാഹിനിയിലെ വാഹനങ്ങളിലാണ് സ്കൂളുകളിലെത്തിയത്.
വിദ്യാലയത്തിൽനിന്ന് 20 കി.മീ. ദൂരം വരെ വാഹനങ്ങൾ ലഭ്യമാണ്. പാലക്കാട് ജില്ലയിൽ അട്ടപ്പാടി ഐ.ടി.ഡി.പിക്കു പുറമേ പാലക്കാട് ട്രൈബൽ വകുപ്പിനു കീഴിൽ 41 സ്കൂളുകളുണ്ട്. 22 പഞ്ചായത്തുകളിലായാണ് ഇത്രയും സ്കൂളുകളുള്ളത്. ഇവിടങ്ങളിലും വിദ്യാവാഹിനി നന്നായി പ്രവർത്തിക്കുന്നതായി അധികൃതർ പറഞ്ഞു. 66 വാഹനങ്ങളിലായി 1150 കുട്ടികളാണ് ഇവിടങ്ങളിൽ വിദ്യാവാഹിനി പദ്ധതിയെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.