കാഞ്ഞിരപ്പുഴ: ഉദ്യാനത്തിൽ ഓണക്കാല ടിക്കറ്റ് വരുമാനം കുത്തനെ കുറഞ്ഞു. ഇത്തവണ മൂന്ന് ദിവസത്തെ ടിക്കറ്റ് വരവ് 2.64 ലക്ഷം രൂപയാണ്. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിലെ സന്ദർശക പാസിനത്തിലെ വരുമാനമാണിത്. 9,500 പേരാണ് ഇപ്രാവശ്യം ഓണാഘോഷത്തിന് ഉദ്യാനത്തിലെത്തിയത്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ജില്ല ഭരണകൂടം, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവ സംയുക്തമായി വൈകുന്നേരങ്ങളിൽ നടത്തിവരാറുള്ള വിവിധ കലാപരിപാടികളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതും ചെക്ക്ഡാമിലെ ബോട്ട് സവാരി ഇല്ലാത്തതും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞവർഷം ഓണക്കാലത്ത് രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയുള്ള സന്ദർശകസമയത്ത് 15,000ത്തിലധികം പേരാണ് ഡാമും ഉദ്യാനവും സന്ദർശിച്ചിരുന്നത്.
ഈ ഇനത്തിൽ നാലു ലക്ഷംരൂപ വരുമാനവും ലഭിച്ചിരുന്നു. ടിക്കറ്റ് വരുമാനത്തിനുപുറമേ, ബോട്ടുസവാരി, സ്റ്റിൽഫോട്ടോ, സോർബിങ് ബോൾ, പെഡൽകാർ എന്നിവയിലൂടെയായിരുന്നു ഇത്രയും കലക്ഷൻ.
ഇത്തവണ കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ കുറവായതും തിരിച്ചടിയായി. കഴിഞ്ഞ സീസണെ അപേക്ഷിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുന്നൊരുക്കങ്ങളില്ലാത്തതും വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.