പെരിങ്ങോട്ടുകുറുശ്ശി: നാലു വർഷം മുമ്പ് സൗദിയിലേക്ക് ജോലിക്കായി പോയ ഏക മകന്റെ വരവും പ്രതീക്ഷിച്ച് വീടിന് മുന്നിൽ ഇമവെട്ടാതെ കാത്തിരിക്കുകയാണ് വിധവയും ഹൃദ്രോഗിയുമായ വീട്ടമ്മ. പെരിങ്ങോട്ടുകുറുശ്ശി അഗ്രഹാരം പുത്തൻപുര വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ശകുന്തളയാണ് (68) ജീവിതസായാഹ്നത്തിൽ മകന്റെ തണലിനായി കാത്തിരിക്കുന്നത്.
ഏക മകൻ മനോജ് (46) 2018ലാണ് റിയാദിലേക്ക് പോയത്. റിയാദിലെ മലാസയിൽ ഗ്ലാസ് ഷീറ്റ് കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. കമ്പനിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാത്തതിനാൽ ജോലി ചെയ്യാനോ പുറത്തിറങ്ങാനോ, നാട്ടിലേക്ക് വരാനോ കഴിയാത്ത അവസ്ഥയാണ്. പുതിയ തൊഴിൽ നിയമമനുസരിച്ച് വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്വദേശികളെയും നിയമിക്കണമെന്നും മനോജ് തൊഴിൽ ചെയ്യുന്ന കമ്പനി ആ നിയമം തെറ്റിച്ചതിനാൽ വലിയ തുക പിഴ അടക്കണമെന്നും ഉത്തരവു വന്നുവത്രേ.
കമ്പനി ഉടമ പിഴ അടക്കാൻ തയാറാകാത്തതിനാലാണ് ഇഖാമ പുതുക്കിക്കൊടുക്കാത്തതെന്ന് പറയുന്നു. മകന്റെ മോചനത്തിന് ശകുന്തള മുട്ടാത്ത വാതിലുകളില്ല. ഇന്ത്യൻ എംബസിക്ക് രണ്ടുതവണ പരാതി നൽകി. മുഖ്യമന്ത്രി, പ്രവാസി ദേശീയ കാര്യാലയം, എം.പി, എം.എൽ.എ, പ്രമുഖ വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർക്കെല്ലാം പരാതി അയച്ച് കാത്തിരിക്കുകയാണ് ശകുന്തള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.