ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി നിർമിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം (എം.സി.എഫ്) ഞായറാഴ്ച നാടിന് സമർപ്പിക്കും. സ്വച്ഛ് ഭാരത് മിഷെൻറയും പഞ്ചായത്തിെൻറയും ഉൾപ്പടെ 26.57 ലക്ഷം രൂപ ചെലവിട്ടാണ് എം.സി.എഫ് പൂർത്തിയാക്കിയത്. ഇതിെൻറ പ്രവർത്തനം ആരംഭിക്കുന്നതോടെ പഞ്ചായത്തിന് വെല്ലുവിളിയായിരുന്ന മാലിന്യ സംഭരണത്തിന് ശാശ്വത പരിഹാരമാകും. മാലിന്യം സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്നതിനായി 9.5 ലക്ഷം രൂപ ചെലവിൽ പ്രത്യേക വാഹനവും വൈകാതെ സജ്ജമാകുമെന്ന് പ്രസിഡൻറ് പി. വിജയലക്ഷ്മി പറഞ്ഞു.
പ്ലാസ്റ്റിക് രൂപമാറ്റം വരുത്തുന്നതിനാവശ്യമായ മെഷിനറികൾ, സംഭരണ സൗകര്യങ്ങൾ, ഓഫിസ്, സ്റ്റോർ, ശുചിമുറികൾ എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം. വാർഡൊന്നിന് രണ്ട് എന്ന കണക്കിൽ മിനി മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തികൾ പുരോഗമിച്ചു വരുന്നുണ്ട്. കാൽ ലക്ഷം രൂപ വീതം ചെലവ് വരുന്ന സംഭരണ കേന്ദ്രങ്ങൾ 20 വാർഡുകളിലായി 40 എണ്ണമാണ് സ്ഥാപിക്കുന്നത്. ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മിനി മാലിന്യ കേന്ദ്രങ്ങളിൽ സംഭരിക്കും. തുടർന്ന് ഇവിടെനിന്ന് എം.സി.എഫിലേക്ക് കൊണ്ടുപോകും. രൂപഭേദം വരുത്തിയ പ്ലാസ്റ്റിക് മുണ്ടൂർ ഐ.ആർ.ടി.സിക്ക് കൈമാറാനാണ് തീരുമാനം.
പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നായി പ്രതിമാസം ഏഴ് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചു വരുന്നത്. അമ്പലപ്പാറ മേലൂർ റോഡിലെ വനിത വ്യവസായ കേന്ദ്രത്തിന് അകത്തും പുറത്തുമായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം മാസങ്ങളോളം കുന്നുകൂടി കിടന്നതിനെതിരെ പരിസര വാസികൾ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുമ്പാണ് മൊത്തമായി വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോയത്.
ചെറുമുണ്ടശ്ശേരി റോഡിൽ ആശുപത്രി പടി മൈതാനത്തിന് സമീപം നിർമിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിെൻറ ഉദ്ഘാടനം രാവിലെ 10ന് കെ. പ്രേംകുമാർ എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളത്തിൽ പി. വിജയ ലക്ഷ്മിക്കു പുറമെ സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം, സെക്രട്ടറി കെ. ഹരികൃഷ്ണൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.