പാലക്കാട്: നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയങ്ങളിലെ മാലിന്യസംസ്കരണം സംബന്ധിച്ച് അടിയന്തര നടപടികൾ ആരായാൻ നഗരസഭ. നഗരപരിധിയിൽ ഇത്തരം സ്ഥാപനങ്ങൾ മഴവെള്ളച്ചാലുകളിലേക്കടക്കം മലിനജലം ഒഴുക്കുന്നതായി പരാതി രൂക്ഷമായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം നടപടിക്ക് ശിപാർശ ചെയ്തത്. നഗരസഭ പരിധിയിലെ കുടിവെള്ള സ്രോതസ്സുകളിൽ 95 ശതമാനവും മലിനമോ നേരിട്ട് ഉപയോഗിക്കാൻ പറ്റാത്തവയോ ആയിട്ടുണ്ടെന്ന് ചെയർപേഴ്സൻ പ്രിയ കെ. അജയൻ പറഞ്ഞു. നഗരസഭ ഉദ്യോഗസ്ഥരുടെ ദൗത്യസംഘം രൂപവത്കരിക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു.
ആരോഗ്യ-എൻജിനീയറിങ് വിഭാഗങ്ങളെ ഏകോപിച്ച് വിവരശേഖരണം നടത്താനും ഫ്ലാറ്റ് അസോസിയേഷനുകളെ ഉൾപ്പെടുത്തി ബോധവത്കരണ നടപടികൾ ആരംഭിക്കാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭ പരിധിയിൽ പരസ്യങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് നിബന്ധനകളിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ നടപടി വേണമെന്ന ആവശ്യത്തിൽ വിശദാംശങ്ങൾ ആരായാൻ കൗൺസിൽ തീരുമാനിച്ചു. 2013ലാണ് 12 വർഷത്തേക്ക് പ്രധാനറോഡുകളിൽ സിഗ്നലുകൾ അടക്കം സ്ഥാപിച്ച് പരസ്യം പ്രദർശിപ്പിക്കാൻ സ്വകാര്യവ്യക്തിക്ക് ടെൻഡർ നൽകിയത്. മൂന്നുവർഷത്തെ തുകയായ 29000ഓളം രൂപ മാത്രമാണ് ആകെ ലഭിച്ചിട്ടുള്ളത്. കരാർ പ്രകാരമുള്ള തുക ആരായാനും കരാർ റദ്ദാക്കുന്നതടക്കം നടപടികളിൽ വിദഗ്ധോപദേശം തേടാനും കൗൺസിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നഗരസഭയിലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ മൂന്നുവർഷമായി കൗൺസിലിൽ ചർച്ച ചെയ്യാത്തത് സംബന്ധിച്ച് പ്രതിപക്ഷ കൗൺസിലർമാർ പരാതി ഉന്നയിച്ചു. പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾക്ക് നൽകുന്ന ഇളവ് വ്യാജമായി കട ഉടമകൾക്ക് നൽകിയതടക്കം വിഷയങ്ങൾ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഉറങ്ങുകയാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഓഡിറ്റ് റിപ്പോർട്ടുകൾ ചർച്ചചെയ്യണമെന്ന പ്രതിപക്ഷകക്ഷി കൗൺസിലർമാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് വൈസ് ചെയർമാൻ കൗൺസിലിനെ അറിയിച്ചു. ആവശ്യമുള്ള കൗൺസിലർമാർക്ക് ഓഡിറ്റ് റിപ്പോർട്ട് കോപ്പികൾ വിതരണം ചെയ്യാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.