മംഗലംഡാം: മംഗലംഡാം നക്ഷത്രബംഗ്ലാകുന്നിലെ വാച്ച്ടവർ ജീർണാവസ്ഥയില്. ടവറിന്റെ കുറെ ഭാഗങ്ങൾ തകർന്നതോടെ പഴയ പ്രതാപവും പ്രൗഢിയും നഷ്ടമായി. മംഗലംഡാം സ്രോതസായുള്ള കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസംഭരണികള്‍ നിർമിക്കുന്നത് ഈ ബംഗ്ലാകുന്നിലാണ്. പദ്ധതിയുടെ പ്രധാന ജലശുചീകരണശാല ഇതിനോടു ചേർന്നാണ് നിർമാണം പൂർത്തിയാകുന്നത്.
സംരക്ഷണവും അടിയന്തിര അറ്റകുറ്റപ്പണികളും ഇല്ലെങ്കില്‍ വൈകാതെ തന്നെ തകർന്നുവീഴുമെന്ന നിലയിലാണ് വാച്ച് ടവർ ഇപ്പോള്‍. 65 വർഷം മുമ്പ് ഡാമിന്റെ നിർമാണം പൂർത്തിയായി കമീഷൻ ചെയ്തപ്പോള്‍ റിസർവോയറിന്റെ ദൂരവീക്ഷണത്തിനായി പണിതതാണ് കുന്നിൻ പുറത്തെ ഈ നിരീക്ഷണ നിലയം.
മംഗലംഡാം കാണാനെത്തുന്ന സഞ്ചാരികളെല്ലാം ചുഴി പോലെ വളഞ്ഞു തിരിഞ്ഞ ഈ വാച്ച്ടവറിലെ കോണിപ്പടികള്‍ കയറി മുകളിലെത്തി കാഴ്ചകള്‍ ആസ്വദിച്ചിരുന്നത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഡാമിന്റെ ഷട്ടർ ഭാഗത്തുനിന്നും നിരവധി പടികള്‍ കയറി വേണം വാച്ച്ടവറിലെത്താൻ. ഇവിടേക്ക് വാഹനം എത്താവുന്ന റോഡുമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ കടത്തി വിടാത്തതിനാല്‍ പടികള്‍ കയറി വേണം മുകളിലെത്താൻ. ഡാമിന്റെ പ്രതാപകാലം ഓർമിക്കാനെങ്കിലും ശേഷിക്കുന്ന ഈ ടവറെങ്കിലും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.