മുതലമട: കാട്ടുപന്നികൾ വ്യാപകം, നിയന്ത്രിക്കാൻ സംവിധാനം അപര്യാപ്തം. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം, പെരുവെമ്പ്, പല്ലശ്ശന, കൊടുവായൂർ എന്നീ പഞ്ചായത്തുകളിലാണ് കാട്ടുപന്നി ശല്യംമൂലം ജനം പൊറുതിമുട്ടുന്നത്. ആഴ്ചയിൽ അഞ്ച് വാഹനാപകടങ്ങളെങ്കിലും പന്നികൾ കുറുകെ ചാടി ഉണ്ടാകുന്നുണ്ട്.
ഗായത്രി, മീങ്കര, ചുള്ളിയാർ, ഇക്ഷുമതി, ചിറ്റൂർ പുഴ എന്നീ പുഴകളിലെ കാടുപിടിച്ച പ്രദേശങ്ങളിലും കനാലുകൾ, ഉപയോഗ ശൂന്യമായ പറമ്പുകൾ, കുളങ്ങൾ എന്നിവിടങ്ങളിലുമാണ് പന്നികൾ വ്യാപകമായി തമ്പടിക്കുന്നത്. മൂന്ന് വർഷങ്ങൾക്കുമുമ്പ് ആനമറി ജങ്ഷനിൽ പകൽ സമയത്ത് എത്തിയ പന്നി കാൽനടയാത്രക്കാരനെ ആക്രമിച്ചതിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചിരുന്നു. ഒരുവർഷത്തിൽ 120 പന്നികളെ വരെ കൊല്ലങ്കോട് വനംവകുപ്പ് വെടിവെച്ച് കൊന്നിരുന്നു. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയതോടെ പന്നികളെ കൊല്ലുന്നത് 10 ശതമാനമായി കുറഞ്ഞു. കാട്ടുപന്നികളെ നിയന്ത്രിക്കാൻ തോക്ക് ലൈസൻസുള്ളവർ കുറഞ്ഞതും ഓരോ പൊലീസ് സ്റ്റേഷനുകളിലും നിരവധി തോക്കുകൾ സറണ്ടർ ചെയ്തവരും ഉള്ളതിനാൽ മിക്ക കർഷകരുടെയും കൈയിലും തോക്കില്ലാത്ത അവസ്ഥയാണ്. കൂടാതെ പന്നികളെ വെടിവക്കാനായി അനുവാദമുള്ളവർ ഓരോ പ്രദേശത്തേക്ക് എത്തിച്ചേരുന്നവരും കുറവാണ്.
എന്നാൽ തോക്കുള്ളവർക്ക് പരിശീലനം നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഓരോ പഞ്ചായത്തിലും 10 അംഗങ്ങളെങ്കിലും പന്നികളെ വെടിവെച്ചുകൊല്ലാനുള്ള ലൈസൻസുള്ള തോക്കുകളുമായി നിലവിൽ വേണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. കൊല്ലങ്കോട് പഞ്ചായത്തിൽമാത്രം 400ൽ അധികം കാട്ടുപന്നികൾ ഉണ്ട് എന്നാണ് തെന്മലയോര കർഷകർ പറയുന്നത്. മംഗലം ഗോവിന്ദാപുരം റോഡിന്റെ ഇടതുവശത്തുള്ള പ്രദേശങ്ങളിലും പന്നിക്കൂട്ടം വ്യാപകമാണ്. പാടത്ത് പണിയെടുക്കുന്നവരും ഇരുചക്രവാഹന യാത്രക്കാരുമാണ് അക്രമിണങ്ങൾക്ക് കൂടുതൽ ഇരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.